വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ആയുര്‍വേദ ചികിത്സയൊരുക്കാന്‍ മെഡിക്കല്‍ വാല്യു ടൂറിസം പദ്ധതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ ഒരുങ്ങുന്നു.ആദ്യ ഘട്ടത്തില്‍ എല്ലാ ജില്ലകളിലും ഒരു ആയുര്‍വേദ ആശുപത്രി എന്ന നിലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്ന മേഖലകളിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ കേന്ദ്രീകരിച്ച് പഞ്ചകര്‍മചികിത്സ ഉള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളെ ഒരുപോലെ ലക്ഷ്യമിട്ടാണ് ആശുപത്രികള്‍ ഒരുങ്ങുന്നത്.
ആരോഗ്യ-ടൂറിസം വകുപ്പുകളുടെ സംയുക്തപദ്ധതിയായാണ് മെഡിക്കല്‍ വാല്യു ടൂറിസം പദ്ധതി പരിഗണിക്കുന്നത്. നിലവില്‍ ആയുഷ് വിസ വഴി സംസ്ഥാനത്തെത്തുന്ന അന്തര്‍ദേശീയ സഞ്ചാരികളെല്ലാം സ്വകാര്യ ആയുര്‍വേദ ആശുപത്രികളെയാണ് ചികിത്സയ്ക്കായി സമീപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ക്കൂടി ആവശ്യമായ സൗകര്യങ്ങളൊരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം വരുമാനവര്‍ധനയും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ഗുരുവായൂര്‍, കലാമണ്ഡലത്തിനോടുചേര്ന്ന് സഞ്ചാരികളെത്തുന്ന ചെറുതുരുത്തി, കോഴിക്കോട് തുഷാരഗിരി തുടങ്ങി പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഡിസ്പെന്‍സറികളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നതെന്ന് ആയുഷ് മിഷന് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. പി.ആര്. സജി പറഞ്ഞു. ആയുഷ് വിസ വഴി അപേക്ഷിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഒ.പി.യിലൂടെ പഞ്ചകര്‍മചികിത്സ ഉള്‍പ്പെടെ എത്തിക്കാനാണ് ശ്രമം.
അടുത്തുള്ള റിസോര്‍ട്ടുകളില്‍ സഞ്ചാരികള്‍ക്ക് താമസിച്ചുകൊണ്ട് ഡിസ്പെന്‍സറികളില്‍ ചികിത്സതേടാം. റിസോര്‍ട്ടുകളുടെ ലഭ്യതയും സഞ്ചാരികളുടെ സാന്നിധ്യവും കണക്കിലെടുത്താണ് പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങളില് ആദ്യം പദ്ധതി തുടങ്ങുന്നത്. വയനാട്ടില്‍ പദ്ധതിയുടെ ഭാഗമായി ആടിക്കൊല്ലി, പടിഞ്ഞാറത്തറ, മൂപ്പൈനാട് ഡിസ്പെന്‍സറികളില്‍ സ്ഥലസൗകര്യപരിശോധനനടന്നു. സമാനമായി എല്ലാ ജില്ലകളിലും മെഡിക്കല്‍ ടൂറിസം പദ്ധതി തുടങ്ങാന്‍ പര്യാപ്തമായ ഡിസ്പെന്‍സറികള്‍ കണ്ടെത്തിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെകൂടി താത്പര്യങ്ങള്‍ പരിഗണിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തുക. ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു തെറാപ്പിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നിങ്ങനെ ഓരോ കേന്ദ്രത്തിലും അധികനിയമനങ്ങളും നടത്തും. തദ്ദേശസ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ചുകൊണ്ടായിരിക്കും ഡിസ്പെന്‍സറികളിലെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കുക.