2010ല്‍ ഉത്തര കൊറിയ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് പരസ്പരം ശത്രുതാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇരു രാജ്യങ്ങളും 2018ല്‍ ഒപ്പുവെച്ച സൈനിക ഉടമ്പടി കാറ്റില്‍ പറത്തിയാണ് ഇരു രാജ്യങ്ങള്‍ വീണ്ടും കൊമ്പ് കോര്‍ക്കുന്നത്. അതിര്‍ത്തിക്ക് സമീപം വീണ്ടും ഷെല്ലാക്രമണം നടത്തി ഉത്തര കൊറിയ. പടിഞ്ഞാറന്‍ തീരത്ത് നിന്നും തെക്ക് ഭാഗത്തുള്ള യോന്‍പിയോങ് ദ്വീപിന് നേരെനിരവധി തവണ പീരങ്കി ഷെല്ലുകള്‍ പ്രയോഗിച്ചെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ദ്വീപുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ മന്ത്രലയം ഉത്തരവിട്ടു. യോന്‍പിയോങ്ങിന്റെ പടിഞ്ഞാറ് ഭാഗത്തും കടല്‍ അതിര്‍ത്തിക്കടുത്തുമായി സ്ഥിതി ചെയ്യുന്ന ബെയ്ങ്യോങ് ദ്വീപിലെ താമസക്കാരോടും അടിയന്തരമായി മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്കി.
ഉത്തര കൊറിയയുടെ നടപടിയില്‍ ദക്ഷിണ കൊറിയ അപലപിക്കുകയും പ്രകോപനപരമായ നടപടിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഷെല്ലാക്രമണത്തില്‍ ജനങ്ങള്‍ക്കോ സൈന്യത്തിനോ പരുക്കകളില്ലെന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ദക്ഷിണ കൊറിയയുടെ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ ഈ പ്രവൃത്തികള്‍ കൊറിയന്‍ ഉപദ്വീപിലെ സമാധാനത്തെ ഭീഷണിപ്പെടുത്തുകയും സംഘര്‍ഷ സാധ്യതകളുടെ ആശങ്ക വര്‍ധിപ്പിച്ചെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.
ഉപദ്വീപുകളില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി സൈനിക ആയുധശേഖരം കെട്ടിപ്പെടുക്കുകയാണെന്ന ‘പ്യോങ്യാങ്ങില്’ നിന്നെത്തിയ അറിയിപ്പിനു പിന്നാലെയാണ് ഷെല്ലാക്രമണം ഉണ്ടായത്.
2010ല്‍ യോന്‍പിയോങ് ദ്വീപിന് നേരെ ഉത്തര കൊറിയ നടത്തിയ നിരന്തര വെടിവെയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശപ്പെട്ട സാഹചര്യത്തിന് പിന്നാലെ 2018ല്‍ സമഗ്ര സൈനിക ഉടമ്പടിയില്‍ രണ്ട് രാജ്യങ്ങളും ഒപ്പ് വെച്ചത് ചരിത്രമായിരുന്നു. പരസ്പരം ശത്രുതാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായാണ് 2018ലെ സൈനിക ഉടമ്പടിയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, ഉടമ്പടിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ദക്ഷിണ കൊറിയ താത്കാലികമായി നിര്‍ത്തി വ്യോമ നിരീക്ഷണങ്ങള്‍ പുനരാരംഭിച്ച് ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ നിര്‍ത്തിവച്ച എല്ലാ നടപടികളും പുനഃസ്ഥാപിക്കുമെന്ന് ഉത്തര കൊറിയയും അറിയിച്ചു. തുടര്‍ന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും വിള്ളല്‍ രൂക്ഷമായി.രണ്ട് വര്‍ഷത്തിനിടെ പല തവണയായി ഉത്തര കൊറിയ കരാര്‍ ലംഘിച്ചിരുന്നു.
ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വീണ്ടും വിള്ളല്‍