ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യെമന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്കി അമേരിക്കയും ബ്രിട്ടനുംഉള്‍പ്പെട് പത്ത് രാജ്യങ്ങള്‍. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നു പാശ്ചാത്യ രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെയുള്ള പ്രതിഷേധമായാണ് ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ അക്രമിക്കുന്നതെന്നും ഹമാസിനോടുള്ള പിന്തുണയും യെമന്‍ വിമതസംഘമായ ഹൂതികള്‍ അറിയിച്ചിരുന്നു. നവംബര്‍ 19 മുതലാണ് ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമണം തുടങ്ങിയത്.
32 കിലോമീറ്റര്‍ വീതിയുള്ള അപകടകരമായ ബാബ് അല്‍-മന്ദാബ് എന്ന കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഹൂതികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡ്രോണുകളും മിസൈലുകളും അതിവേഗ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഇവര്‍ ആക്രമണം നടത്തിയത്.
പലപ്പോഴായി ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളാണ് തട്ടിയെടുത്തതെന്ന വ്യാജ വാദങ്ങള്‍ ഹൂതികള്‍ നടത്തന്നുണ്ടെങ്കിലും ചെങ്കടലില്‍ ഹൂതികള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധവും സ്വീകരിക്കാന്‍ കഴിയാത്തവയുമാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കൂടാതെ, മനപ്പൂര്‍വം ചരക്ക് കപ്പലുകളെയും നാവിക കപ്പലുകളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്ക് നിയമപരമായി യാതൊരു ന്യായീകരണവും നല്‍കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓസ്ട്രേലിയ, ബഹ്റൈന്‍, ബെല്‍ജിയം, കാനഡ, ഡെന്മാര്ക്ക്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, യുകെ, യുഎസ് എന്നീ 12 രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്തമായാണ് ഹൂതികള്‍ക്ക് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയത്. ഇനിയും ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഹൂതികള്‍ക്കുള്ള മുന്നറിയിപ്പ്.
ആഗോളതലത്തില്‍ കപ്പല്‍ മാര്‍ഗം നടക്കുന്ന ചരക്കുനീക്കങ്ങളുടെ 15 ശതമാനവും നടക്കുന്ന സൂയസ് കനാലിലേക്ക് പ്രവേശിക്കുന്നത് ചെങ്കടലിലൂടെയാണ്. അതിനാല്‍ പ്രധാന യാത്ര മാര്‍ഗത്തില്‍ ഉണ്ടാകുന്ന ഇത്തരം സുരക്ഷാ ഭീഷണികള്‍ ആഗോള എണ്ണ വില വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയിലാണ് ലോകം. നിലവില്‍ ലോകത്തിലെ 20 ശതമാനം കണ്ടെയ്നര്‍ കപ്പലുകളും ചെങ്കടല്‍ ഒഴിവാക്കുകയും പകരം ദക്ഷിണാഫ്രിക്ക ചുറ്റിയാണ് പോകുന്നതെന്ന് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.