വ്യാപാര രംഗത്തെ പ്രതിസന്ധിക്ക് പരിഹാര നടപടികളുണ്ടാവണം

നോട്ട് നിരോധനത്തിനും, കോവിഡിനും ശേഷം ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് നമ്മുടെ വ്യാപാര മേഖല ഇപ്പോഴും കരകയറിയിട്ടില്ല. ചെറുകിട വ്യാപാരികള്‍ എങ്ങനെ സ്ഥാപനം നടത്തിക്കൊണ്ട് പോകുമെന്നറിയാതെ വിഷമിക്കുകയാണ്. ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. കടവാടക, ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാര്‍ജ്ജ്, മറ്റ് നികുതികള്‍ അടക്കേണ്ടി വരുമ്പോള്‍ കച്ചവടക്കാരന് പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയാണ്. മറ്റൊരു പ്രധാന പ്രശ്‌നം വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ ഉണ്ടാക്കുന്നതാണ്. അതിലും വലിയ പ്രശ്‌നമാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ നടക്കുന്ന കച്ചവടം. ഓണ്‍ലൈനിലൂടെ നടക്കുന്ന കച്ചവടത്തിന്റെ  സാധ്യതകളിലേക്ക് നമ്മുടെ കച്ചവടക്കാരും കാലെടുത്ത് വെച്ചിട്ടുണ്ടെങ്കിലും ലോകോത്തര കമ്പനികളുമായി മത്സരിക്കുമ്പോള്‍ ഉണ്ടാവുന്ന ഫലം ഊഹിക്കാവുന്നതാണല്ലോ. അവര്‍ നല്‍കുന്ന ഓഫറുകളും മറ്റും നമ്മുടെ ചെറുകിട കച്ചവടക്കാരന് എങ്ങനെ നല്‍കാനാവും. സ്വാഭാവികമായും ഉപഭോക്താവ് വിലക്കുറവുള്ളിടത്തേക്ക് മാറിപോകും. വലിയ അളവില്‍ വ്യാപാരം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് വില കുറച്ചും ഓഫര്‍ നല്‍കിയും നല്‍കുന്ന രീതി ചെറുകിടക്കാര്‍ക്ക് എങ്ങനെ നടത്താന്‍ കഴിയും. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫലപ്രദമായി ഇടപെടാനാകണം. രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ സംഭാവന ചെയ്യുന്നതാണ് വ്യാപാര മേഖല. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗഹനമായ പഠനം നടത്തി രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വ്യാപാര മേഖല സംരക്ഷിക്കാനും കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് വളര്‍ത്തിയെടുക്കാനും അടിയന്തിരമായി നടപടി സ്വീകരിക്കണം.
കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്താലറിയാം കടമുറികള്‍, ഓഫീസുകള്‍ വാടകക്ക് എന്ന ബോര്‍ഡുകള്‍ എത്രയുണ്ടെന്ന്. അത്രയധികം കടമുറികളാണ് ഒഴിവായിക്കൊണ്ടിരിക്കുന്നത്. ഒരു കച്ചവടമാരംഭിച്ച് കുടുംബം പുലര്‍ത്താനും, ഒന്നോ, രണ്ടോ, മൂന്നോ പേര്‍ക്ക് തൊഴില്‍ നല്‍കാനും അവരുടെ കുടുംബങ്ങള്‍ക്ക് അത്താണിയാവാനും ലക്ഷ്യമിട്ട് ഒരു കച്ചവട സ്ഥാപനം ആരംഭിക്കുന്ന വ്യാപാരികള്‍ പിടിച്ചു നില്‍ക്കാനാവുന്നില്ലെങ്കില്‍ അതിന്റെ കാരണം ഉത്തരവാദപ്പെട്ടവര്‍ അടിയന്തിരമായി മനസിലാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇതിനകം ഒരു ലക്ഷത്തോളം കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോയതായാണ് വ്യാപാര സംഘടനാ നേതാക്കള്‍ പയുന്നത്. വ്യാപാരി സംഘടനകള്‍ കൂട്ടായ്മകള്‍ ഉണ്ടാക്കി കച്ചവട മേഖല സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിയാണ് ഇപ്പോഴത്തെ ഒരു പ്രതിസന്ധിക്ക് ഒരു കാരണമെന്ന് ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ താങ്ങുവില നിശ്ചയിക്കുകയും, കാര്‍ഷിക മേഖലയുടെ വിപുലീകരണത്തിനും പുനരുദ്ധാരണത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി ഇടപെടണം. കേരളത്തിലെ നിര്‍മ്മാണമേഖലയിലടക്കം ഇപ്പോള്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും അതിഥിതൊഴിലാളികളാണ്. തദ്ദേശീയര്‍ കുറഞ്ഞതോടെ നാട്ടിലെ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന വരുമാനവും കുറഞ്ഞു. നാട്ടുകാരാണ് ജോലിയെടുത്ത് കൂലിവാങ്ങിയിരുന്നതെങ്കില്‍ ആ പണം മാര്‍ക്കറ്റില്‍ പൂര്‍ണ്ണമായും എത്തും. അതിഥി തൊഴിലാളികള്‍ക്ക് 800 രൂപ കൂലി കിട്ടുമ്പോള്‍ അവരുടെ പ്രാഥമിക ആവശ്യം കഴിച്ച് മിച്ചം വരുന്നത് അവര്‍ നാട്ടിലേക്കയക്കും. മാര്‍ക്കറ്റില്‍ പണമെത്തുന്നില്ലെന്നതും കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഒരു പുനര്‍ വായനയും പരിഹാര നടപടികളുമുണ്ടായില്ലെങ്കില്‍ കേരളത്തിലെ വ്യാപാര മേഖല നമുക്ക് സംരക്ഷിക്കാനാവാതെ വരും.

വ്യാപാര രംഗത്തെ പ്രതിസന്ധിക്ക് പരിഹാര നടപടികളുണ്ടാവണം

Share

Leave a Reply

Your email address will not be published. Required fields are marked *