വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവം കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം

വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവം കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം

ഇടുക്കിയില്‍ കിഴക്കേ പറമ്പില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. എബ്രഹാം ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് നല്‍കിയത്. ജയറാം കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തി പണം കൈമാറി.

കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് കഴിഞ്ഞ ദിവസം കുഴഞ്ഞു വീണുചത്തത്. ഇതില്‍ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉള്‍പ്പെടും. ഇതോടെ കര്‍ഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

” ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഞാന്‍. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു പശുക്കുട്ടി കുഴഞ്ഞ് വീണ് ചത്തു. വയറെല്ലാം വീര്‍ത്ത് വായില്‍ നിന്ന് നുരയും പതയുമൊക്കെ വന്നു. വൈകുന്നേരമായപ്പോഴേക്കും 22 പശുക്കള്‍ കൂടി പോയി. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല. പശുവിനെ വാങ്ങുന്നതിന് ഞാന്‍ ആരെയും ഏല്‍പ്പിക്കാറില്ല. ഞാനും ഭാര്യയും മക്കളും എല്ലാവരും ചേര്‍ന്ന് നേരില്‍ പോയി കണ്ടാണ് വാങ്ങാറുള്ളത്. ഓരോ പശുവിനെയും പ്രത്യേക പേരിട്ട് വിളിക്കും. ചത്ത പശുക്കളുടെ ദേഹം ജെസിബി ഉപയോഗിച്ച് കുഴിയിലേക്ക് മാറ്റുമ്പോള്‍ ഞാനും ഭാര്യയും മക്കളുമെല്ലാം പൊട്ടിക്കരയുകയായിരുന്നു.

കുട്ടി കര്‍ഷകരുടെ ദു:ഖ കഥ പത്രത്തില്‍ കണ്ടപ്പോള്‍ തന്നെ ഞാന്‍ എബ്രഹാം ഓസ്ലറിന്റെ സംവിധായകനെയും നിര്‍മാതാവിനെയും വിളിച്ചു. ട്രെയ്ലര്‍ ലോഞ്ചിന് ചെലവാകുന്ന പണം കുട്ടികള്‍ക്ക് കൊടുത്താലോ എന്ന് ചോദിച്ചു. അവര്‍ അതിന് സമ്മതിച്ചു. പൃഥ്വിരാജാണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്യാനിരുന്നത്. അദ്ദേഹത്തെയും വിളിച്ച് കാര്യം അവതരിപ്പിച്ചു- ജയറാം പറഞ്ഞു. തൊഴുത്ത് വിപുലീകരിക്കാനും മറ്റും സഹായം ചെയ്യാമെന്നും ജയറാം പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ഇളംദേശം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മില്‍മയും ഇവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നവരും കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് ഇന്‍ഷൂര്‍ ചെയ്ത അഞ്ച് പശുക്കളെ വാങ്ങി നല്‍കുമെന്നും മൂന്ന് പശുക്കള്‍ക്ക് 15000 വീതമുള്ള ധനസഹായവും, കേരള ഫീഡ്‌സിന്റെ ഒരുമാസത്തെ കാലിത്തീറ്റയും നല്‍കാമെന്ന് മന്ത്രി ചിഞ്ചു റാണി വ്യക്തമാക്കി.

 

 

 

 

വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവം
കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *