ജപ്പാനില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ ഭൂകമ്പങ്ങളുമുണ്ടായതായി ദേശീയ ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. ഇഷികാവ പ്രിഫെക്ചറിലെ തീരദേശ നോട്ടോ പ്രദേശത്തെ താമസക്കാരോട് ഉടന്‍ തന്നെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാന്‍ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

റിക്ടര്‍ സ്‌കെയിലില്‍ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങള്‍ ഇഷിക്കാവ തീരത്തും അയല്‍പക്കത്തുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.06 നും 5.29 നും ഇടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഭൂകമ്പ ബാധിത പ്രദേശത്തെ പട്ടണങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വാട്ടര്‍ മെയിന്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ ദ്വീപായ ഹോക്കൈഡോയിലും തെക്കന്‍ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഖാലിനില്‍ റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിഗറ്റ, ടോയാമ മേഖലകളില്‍ തിരമാല 5 മീറ്റര്‍ വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

2011 മാര്‍ച്ചിലും വടക്കുകിഴക്കന്‍ ജപ്പാനില്‍ ഒരു വലിയ ഭൂകമ്പവും സുനാമിയും ഉണ്ടായിരുന്നു. നഗരത്തില്‍ വലിയ നാശത്തിന് കാരണമായ ഈ സുനാമി ഫുകുഷിമയില്‍ ആണവ നിലയത്തിന്റെ തകര്‍ച്ചയിലേക്കും വന്‍ ആണവ വികിരണചോര്‍ച്ചയിലേക്കും നയിച്ചിരുന്നു.

 

 

 

 

ജപ്പാനില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *