പുതുവര്‍ഷാഘോഷം കളറാക്കിക്കോ!… ഓവറാക്കണ്ട; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

പുതുവര്‍ഷാഘോഷം കളറാക്കിക്കോ!… ഓവറാക്കണ്ട; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ലോകം. ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് സംസ്ഥാനത്ത് പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഇന്ന് രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ നിയന്ത്രിക്കുന്നതിനുള്ള പൊലിസ് സംവിധാനം ഉണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ വീഴ്ച വിലയിരുത്തിയാണ് ഇക്കുറി പൊലീസ് സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തില്‍ 13 ഡിവൈഎസ്പിമാരായിരിക്കും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുക. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരം പൊലീസിനെ വിന്യസിക്കും. കൊച്ചി നഗരത്തില്‍ മൊത്തം രണ്ടായിരത്തോളം പൊലീസ് സുരക്ഷയ്ക്കായി ഉണ്ടാകും.

പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനത്ത് 45,000 പേരെയും, തൊട്ടടുത്തെ മൈതാനത്ത് 80,000 പേരെയുമാണ് ഉള്‍ക്കൊള്ളാനാവുക. അതിലപ്പുറം ആളുകള്‍ എത്തിയാല്‍ ആരെയും കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

ഡിജെ പാര്‍ട്ടിക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ആവശ്യമാണെങ്കില്‍ അവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറണമെന്നും തിരുവനന്തപുരം കമ്മീഷണര്‍ പറഞ്ഞു. മാനവീയം വീഥി, കവടിയാര്‍, കനകക്കുന്ന്, ശംഖുമുഖം, കോവളം എന്നിവിടങ്ങളില്‍ കര്‍ശനപരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ കടത്തിവിടുക. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കും. പാസ്‌പോര്‍ട്ട് ഉള്ളവരാണെങ്കില്‍ അത് റദ്ദ് ചെയ്യാന്‍ നിര്‍ദേശം നല്‍കും. പാസ് പോര്‍ട്ട് പുതുതായി എടുക്കേണ്ടവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. പന്ത്രണ്ട് മണിയോടെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണം. അതിനുശേഷം ബീച്ചിലോ, മാനവീയം വീഥിയിയിലോ പ്രവേശനം അനുവദിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പൊലീസിന്റെ ഗതാഗതം നിയന്ത്രണം. ഇന്ന് ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.

സൗത്ത് ബീച്ചിലും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ല. അനധികൃത പാര്‍ക്കിങ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് നടപടി. ലഹരി വസ്തുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി കര്‍ശന പരിശോധനയുണ്ടായിരിക്കും.

താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷങ്ങള്‍ക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ഇന്ന് വൈകീട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്‍കരുതല്‍ നടപടി. താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്കു ചെയ്യാനും അനുവദിക്കില്ല.

 

 

പുതുവര്‍ഷാഘോഷം കളറാക്കിക്കോ!… ഓവറാക്കണ്ട; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Share

Leave a Reply

Your email address will not be published. Required fields are marked *