മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നല്‍കില്ല, ഗതാഗത വകുപ്പ് മാത്രമാണ് ലഭിക്കുക. ഇക്കാര്യം മുഖ്യമന്ത്രിയാണ് ഗണേഷ് കുമാറിനെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റാണ് സി പി എമ്മിന്റെ കയ്യിലുള്ള വകുപ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മാത്രമെ ഗണേശിന് ലഭിക്കൂ.
സിനിമ വകുപ്പ് കൂടി കെ ബി ഗണേഷ് കുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി തീരുമാനിക്കുന്ന വകുപ്പ് കൂടാതെ, സിനിമ വകുപ്പുകൂടി വേണമെന്നായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇതിനോടൊപ്പം, ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ അറിയിച്ചിരുന്നു. മൂന്നാം തവണയാണ് ഗണേഷ് കുമാര്‍ മന്ത്രിയാകുന്നത്. രാജ്ഭവനില്‍ വൈകിട്ട് നാല് മണിക്കാണ് പുതിയ മന്ത്രിമാരായി ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യുക.
തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രിയായിട്ടാണ് വീണ്ടും രാമചന്ദ്രന് കടന്നപ്പള്ളി മന്ത്രിസഭയിലേക്കെത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലിന്റേതു ഗണേഷിനും നല്‍കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന അതെ ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്ക് നല്‍കുന്നത്
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ പങ്കെടുക്കാനായി ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം രാത്രി തലസ്ഥാനത്തെത്തിയിരുന്നു.
ആദ്യം ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിട്ടാണ് ഗണേഷ് കുമാറിന്റെ തുടക്കം. രണ്ടാം തവണ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം, സിനിമ മന്ത്രിയായിരുന്നു. പിന്നീട് എല്‍ഡിഎഫിലെത്തിയപ്പോള്‍ ആദ്യം ഗണേഷ് കുമാറിന് എംഎല്‍എയായി നില്ക്കേണ്ടിവന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു എംഎല്‍എ മാത്രമുള്ള ഘടക കക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് ഇപ്പോള്‍ മന്ത്രിയാകുന്നത്.