ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഒക്ടോബറില്‍ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. ഖത്തറിലെ അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് ഇന്ത്യന്‍ പൗരന്‍മാരെ ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ പുറത്തുവിടാന്‍ ഖത്തര്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും വധശിക്ഷ ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. . ഇതേത്തുടര്‍ന്ന്് വിദേശകാര്യ മന്ത്രാലയം അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്‌ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.

പൂര്‍ണേന്ദു തിവാരിയാണ് ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്ര റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ഇവര്‍ സംഭവം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ” 57 ദിവസമായി എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ദോഹയില്‍ അനധികൃത തടങ്കലിലാണ്. ഇവരെ വൈകാതെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു,” എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് മീതു ഭാര്‍ഗവ എന്ന അക്കൗണ്ടില്‍ വന്ന ട്വീറ്റ്.

ചാരവൃത്തിയാണ് ശിക്ഷയുടെ കാരണമെന്ന് പരക്കെ സൂചനകളുണ്ടെങ്കിലും തടവിലാക്കിയതിന്റെ കാരണം ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേര്‍ക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 

 

 

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *