2034 ലോകകപ്പ്: ‘തനിച്ച് ആതിഥേയത്വം വഹിക്കും’ സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്

2034 ലോകകപ്പ്: ‘തനിച്ച് ആതിഥേയത്വം വഹിക്കും’ സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്

സഊദി: 2034ലെ ലോകകപ്പ് നടത്താന്‍ ആവശ്യമായ നഗരങ്ങളും സ്റ്റേഡിയങ്ങളും തങ്ങള്‍ക്കുണ്ടെന്നും തനിച്ച് ആതിഥേയത്വം വഹിക്കുമെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസ്ഹല്‍. മറ്റുരാജ്യങ്ങളുമായി ആതിഥേയത്വം പങ്കുവെക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘ലോകകപ്പ് സൗദിയില്‍ മാത്രമാകും നടക്കുക. ഞങ്ങള്‍ക്ക് ഒരുപാട് നഗരങ്ങളും മികച്ച സ്റ്റേഡിയങ്ങളുമുണ്ട്. ഒറ്റക്ക് ആതിഥേയത്വം വഹിക്കാനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്’ -യാസര്‍ അല്‍ മിസ്ഹല്‍ പറഞ്ഞു.

സൗദി ഫുട്ബാള്‍ അസോസിയേഷന്റെ വിശദീകരണത്തോടെ ഇന്ത്യയിലെ ഫുട്ബാള്‍ ആരാധകരുടെ ലോകകപ്പ് പ്രതീക്ഷക്കും വിരാമമാകുകയാണ്. 2034ല്‍ സൗദിയില്‍ നടക്കുന്ന ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് താല്‍പര്യമുണ്ടെന്നും അതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ബന്ധപ്പെട്ടവരുമായി നടത്തുന്നുണ്ടെന്നും ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചത് ഇന്ത്യയിലെ ഫുട്ബാള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ആതിഥേയരായാല്‍ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നു. 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ 104 മത്സരങ്ങളാണ് ഉണ്ടാവുക.

ലോകകപ്പ് ആതിഥ്യം ഒന്നിലധികം രാജ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ ഫിഫ ഭരണസമിതിക്ക് അനുകൂല നിലപാടാണുള്ളത്. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുമ്പോള്‍ 2030ല്‍ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ആതിഥേയരാവുക. ഫുട്ബാളിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സംയുക്ത ആതിഥ്യം പ്രോത്സാഹിപ്പിക്കുന്ന ഫിഫയുടെ ഈ നയത്തിലായിരുന്നു ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ കണ്ണുവെച്ചിരുന്നത്. 2034ലെ ലോകകപ്പ് ആതിഥ്യത്തിനായി സൗദിക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ആസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് നറുക്ക് വീണത്.

 

 

2034 ലോകകപ്പ്: ‘തനിച്ച് ആതിഥേയത്വം വഹിക്കും’ സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്

Share

Leave a Reply

Your email address will not be published. Required fields are marked *