തിരുവനന്തപുരം: ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കി സംസ്ഥാനത്ത് നിന്നും പുതിയ നിര ഷൂട്ടിങ് താരങ്ങളെ വാര്‍ത്തെടുക്കുകയാണ് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്. കായിക പശ്ചാത്തല സൗകര്യ വികസനത്തില്‍ അതിവേഗം മുന്നേറുന്ന കേരളത്തില്‍ കായികയിനങ്ങളില്‍ മികച്ച താരങ്ങളെ ഒരുക്കിയെടുക്കുകയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ച് ആയ വട്ടിയൂര്‍ക്കാവിലൂടെ സംസ്ഥാന സര്‍ക്കാരും കായിക യുവജനകാര്യ വകുപ്പും ലക്ഷ്യമിടുന്നത്. വളര്‍ന്നു വരുന്ന താരങ്ങള്‍ക്കായി മികച്ച പരിശിലീനവും പരിശീലകരുടെ സേവനവും ഇവിടെ ലഭ്യമാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൂന്ന് ഷൂട്ടിങ് റേഞ്ചുകളില്‍ ഒന്നായ വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് ദേശീയ, സംസ്ഥാന തല ഷൂട്ടിങ് ജേതാക്കളുടെ പ്രധാന പരിശീലന കളരിയായി മാറിയിരിക്കുകയാണിപ്പോള്‍. ഏഷ്യന്‍ പാരാ ഗെയിംസ് 2023 സ്വര്‍ണമെഡല്‍ ജേതാവ് സിദ്ധാര്‍ത്ഥ ബാബു അടക്കം നിരവധി ഷൂട്ടിംഗ് താരങ്ങള്‍ നിലവില്‍ വട്ടിയൂര്‍ക്കാവില്‍ പരിശീലനം നടത്തുന്നുണ്ട്.
ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ അംഗീകാരമുള്ള ആധുനിക ഇലക്ട്രോണിക് ടാര്‍ഗറ്റ് സിസ്റ്റവും 140 ഷൂട്ടിംഗ് ലൈനുകളും ഉള്‍പ്പെടെ വിവിധ അത്യാധുനിക സൗകര്യങ്ങളാണ് ഈ റേഞ്ചില്‍ ഒരുക്കിയിരിക്കുന്നത്. ഭോപ്പാല്‍, ഡല്‍ഹി എന്നിവിടങ്ങളിലെ ഷൂട്ടിംഗ് റേഞ്ചുകളോടു കിടപിടിക്കുന്നതാണ് വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ച്.
10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ എന്നിവയില്‍ പരിശീലന സൗകര്യമാണ് വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. നിരവധി ദേശീയ മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. 25 ദേശീയ മത്സരങ്ങളും 10 സോണല്‍ മത്സരങ്ങളും അഞ്ചോളം സ്റ്റേറ്റ് ലെവല്‍ മത്സരങ്ങളും വട്ടിയൂര്‍ക്കാവില്‍ വെച്ച് നടന്നിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചും ഇവിടുത്തെ പരിശീലനവുമാണ് തന്നിലെ ഷൂട്ടിങ് താരത്തെ പരിപോഷിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തതെന്ന് ദേശീയ ഗെയിംസ് മെഡലിസ്റ്റായ വിദര്‍ശ പറയുന്നു. ‘ചെറുപ്പം മുതല്‍ക്കെ ഷൂട്ടിംഗ് കായിക ഇനത്തോട് അഭിമുഖ്യമുണ്ടെങ്കിലും പരിശീലനം എവിടെ ലഭിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്‍സിസിയില്‍ ചേര്‍ന്നതോടെയാണ് വട്ടിയൂര്‍ക്കാവിലുള്ള ഷൂട്ടിംഗ് റേഞ്ചിനെപറ്റി കൂടുതല്‍ അറിഞ്ഞത്. എന്നെപ്പോലുള്ള സാധാരണക്കാര്‍ക്കും ഷൂട്ടിംഗ് ഇനത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ലഭിച്ചത് ഇവിടുത്തെ പരിശീലനത്തിലൂടെയാണ്,’ വിദര്‍ശ പറഞ്ഞു.
ദേശീയ ചാമ്പ്യന്‍ഷിപ്പുകളുടെ ഭാഗമായുള്ള മത്സരങ്ങളും പരിശീലനങ്ങളും ഇവിടെ സ്ഥിരമായി നടന്നു വരുന്നു,” ഐഎസ്എസ് പിസ്റ്റള്‍ പരിശീലകന് നവീന്‍ പി. ആര്. പറഞ്ഞു.
ഷൂട്ടിംഗ് റേഞ്ചിനൊപ്പം തന്നെ മികച്ച ഒരു ജിം സൗകര്യവും കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഒപ്പം തന്നെ, ഇന്ത്യയിലെ തന്നെ മികച്ച ടേബിള്‍ ടെന്നീസ് പരിശീലന സൗകര്യവും ഇവിടെ ഉണ്ട്. 5 മുതലുള്ള കുട്ടികള്‍ക്ക് ഈ ടേബിള്‍ ടെന്നീസ് സൗകര്യം പ്രയോജനപ്പെടുത്താം. രാവിലെയും വൈകിട്ടും 2 മണിക്കൂര്‍ വീതമാണ് ഇവിടെ പരിശീലനം നല്‍കുന്നത്. കോച്ചിങ് ഫീസ് സൗജന്യമാണ്. ഷൂട്ടിംഗ് താരങ്ങള്‍ക്ക് താമസിച്ചു പരിശീലനം നേടുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യവും വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ചില്‍ ഉടന്‍ പൂര്‍ത്തിയാകും.
ഈ ഉന്നം ലക്ഷ്യത്തിലേക്ക്; പ്രതിഭകളുടെ സ്വന്തം കളരിയായി വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്