DYFI പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്; ഡി.വൈ.എഫ്.ഐ. നേതാവ് ഒളിവില്‍

DYFI പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്; ഡി.വൈ.എഫ്.ഐ. നേതാവ് ഒളിവില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പൊലീസ്. ഡി.വൈ.എഫ്.ഐ. നേതാവ് നിധിന്‍ പുല്ലനും സംഘവുമാണ് ഇന്നലെ ജീപ്പ് തകര്‍ത്തത്.

ഐ.ടി.ഐയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പൊലീസ് പിഴയടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കാന്‍ സംഘം തുനിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

സര്‍ക്കാര്‍ ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഐ.ടി.ഐയ്ക്ക് മുന്നിലുള്ള എല്ലാ കൊടിതോരണങ്ങളും നീക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ജീപ്പ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരന്‍ ഉള്‍പ്പെടെ പത്തോളംപേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.

ആക്രമണം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പം നിധിന്‍ പുല്ലന്‍ നടന്നുപോയപ്പോള്‍ കാത്തുനിന്ന പോലീസ്സംഘം പിടികൂടാന്‍ ശ്രമിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി കെ.എസ്. അശോകന്‍, പ്രവര്‍ത്തകനായ ഗോപി (60), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അശ്വിന്‍ (22), സാംസണ്‍ (22) ഉള്‍പ്പെടെയുള്ളവര്‍ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോള്‍ ലാത്തി വീശി. നിധിന്‍ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോയി. നിലവില്‍, ഇയാള്‍ ഒളിവിലാണ്.

DYFI പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്; ഡി.വൈ.എഫ്.ഐ. നേതാവ് ഒളിവില്‍

Share

Leave a Reply

Your email address will not be published. Required fields are marked *