– 20 രാജ്യങ്ങളില്‍ നിന്നുള്ള കായിക വിദഗ്ധരെത്തും
– ലക്ഷ്യം കായിക സമ്പദ്ഘടനാ വികസനം
തിരുവനന്തപുരം: കേരളത്തിലെ കായിക രംഗത്ത് ആഗോള പങ്കാളിത്തവും വലിയ നിക്ഷേപവും ലക്ഷ്യമിട്ട് കായിക, യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്ത്യയില്‍ ആദ്യമായി കായിക നയം രൂപീകരിച്ച കേരളം രാജ്യത്ത് ആദ്യമായി പുതിയ കായിക സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്ന സംസ്ഥാനമായി മാറുകയാണ്. ഇതിനു മുന്നോടി ആയാണ് വിപുലമായ അന്താരാഷ്ട്ര കായിക സമ്മേളനം സംഘടിപ്പിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ നാലു ദിവസം നടക്കുന്ന ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ് ആണ് മുഖ്യവേദി. ദേശീയ, അന്തര്‍ദേശീയ കായിക വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകള്‍, അക്കാഡമിക് സെഷനുകള്‍, പ്രസന്റേഷനുകള്‍, ഇന്‍വെസ്റ്റര്‍ മീറ്റ്, സ്റ്റാര്‍ട്ടപ്പ് സംഗമം, സ്പോര്‍ട്സ് ഗുഡ്സ് ആന്റ് സര്‍വീസസ് എക്സിബിഷന്‍, സ്പോര്‍ട്സ് ഫിലിം ഫെസ്റ്റിവല്‍, സ്പോര്‍ട്സ് മ്യൂസിക് ബാന്‍ഡ്, സ്പോര്‍ട് ആര്‍ട്, മോട്ടോറാക്സ്, ഇ-സ്പോര്‍ട്സ് അരീന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
അന്താരാഷ്ട്ര ഉച്ചകോടിക്കു മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ഉച്ചകോടികള്‍ ഇതിനകം പൂര്‍ത്തിയായി. തദ്ദേശ തല ഉച്ചകോടികള്‍ നടന്നു വരികയാണ്. 1200 പഞ്ചായത്ത്/ മുനിസിപ്പല്‍ തല മൈക്രോ സമ്മിറ്റുകളാണ് കേരളത്തിലുടനീളം പ്രാദേശികമായി സംഘടിപ്പിക്കുന്നത്. പ്രാദേശിക കായിക പദ്ധതികളാണ് ഈ സമ്മിറ്റുകളില്‍ ആസൂത്രണം ചെയ്യുക. ഒരു തദ്ദേശ സ്ഥാപനം ഒരു കായിക പദ്ധതിയെങ്കിലും ആസൂത്രണം ചെയ്യണമെന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
കേരളത്തിന്റെ കായിക മേഖലയില്‍ അന്താരാഷ്ട്ര നിക്ഷേപം, പങ്കാളിത്തം, സഹകരണം എന്നിവയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കായിക പദ്ധതികളിലും നിക്ഷേപങ്ങളിലും പങ്കാളിത്തത്തിലും താല്‍പര്യമുള്ള സ്ഥാപനങ്ങളേയും വ്യക്തികളേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കായിക മേഖലയുടെ സംഭാവന 5 ശതമാനമാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/B799HsAhczQ15ySVhXDFM