കണ്ണൂര്‍: ഡോ. ഷഹന സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയപ്പോള്‍ കേരളത്തിലെ മതനേതൃത്വം കുറ്റകരമായ മൗനംപാലിച്ചെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആരോപിച്ചു. ലോക ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിലകാര്യങ്ങളില്‍ ആവേശപൂര്‍വം അഭിപ്രായം പറയുന്ന മതനേതൃത്വം ഷഹന ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൗനംപാലിച്ചത് എന്തുകൊണ്ടെന്ന് ചര്‍ച്ചചെയ്യണം. ഇതുപറഞ്ഞതിന് എന്റെ പുറത്തുകയറേണ്ട. ചില സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ വേട്ടയാടപ്പെട്ടിട്ടുണ്ട്.
ഇസ്ലാം നിഷിദ്ധമാക്കിയതാണ് സ്ത്രീധനം. ഇസ്ലാമില്‍ മഹര്‍ പെണ്‍കുട്ടിക്കാണ് നല്‍കേണ്ടത്. എന്നാല്‍ പുരുഷന് 150 പവനും 15 ലക്ഷംരൂപയും ബെന്‍സ് കാറും നല്‍കും. ഇത്തരം തെറ്റായ ശീലമുണ്ടാകുമ്പോള്‍ എല്ലാമതവിഭാഗത്തില്‍നിന്നും ശക്തമായ അഭിപ്രായമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം ചോദിച്ചുവരുന്നവരോട് പറ്റില്ലെന്നുതന്നെ പറയണം. ന്യൂനപക്ഷവിഭാഗത്തില്‍ സ്ത്രീധനത്തിനെതിരായ പ്രചാരണം ഉയര്‍ന്നുവരണം.
അഡ്വ. എ.എ. റഷീദ് അധ്യക്ഷനായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടര്‍ അരുണ്‍ കെ. വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ഫാ. ജോസഫ് കാവനാടിയില്‍, എ.കെ. അബ്ദുള്‍ ബാഖി, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ജോസഫ് എസ്. ഡാനിയേല്‍, എം.കെ. ഹമീദ്, ഡോ. സുള്‍ഫിക്കര്‍ അലി, പാസ്റ്റര്‍ കുര്യന്‍ ഈപ്പന്‍, കെ.വി. ഷംസുദ്ദീന്‍, വി.ടി. ബീന, സി.കെ. അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.