ഇസ്ലാമാബാദ്: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ ആരോഗ്യമോശമാകാന്‍ കാരണം വിഷം ശരീരത്തിലെത്തിയതാകാമെന്നാണ് അഭ്യൂഹങ്ങള്‍. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്.
ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കുപ്രവേശനം. ദേശീയ, അന്തര്‍ദേശീയ മാധ്യങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍, ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദാവൂദിന്റെ അടുത്ത ബന്ധുക്കളായ അലി ഷാ പാര്‍ക്കറുമായും സാജിദ് വഗ്ലെയുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്.
ഭീകരവാദം, ലഹരിമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ദാവൂദിനെതിരെ ചുമത്തിയിട്ടുള്ളത്. മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യ പ്രതിയാണ് ദാവൂദ്.തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ച കേസിലായിരുന്നു എന്‍.ഐ.എ. ദാവൂദിന്റെ സഹോദരീപുത്രനില്‍നിന്നും മൊഴിയെടുത്തത്.
ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് വീണ്ടും വിവാഹം കഴിച്ചതായും ഇയാള്‍ മൊഴിനല്‍കിയിരുന്നു. ആരുമായും ദാവൂദ് ബന്ധം പുലര്‍ത്താറില്ല. ദാവൂദ്-മയ്‌സാബിന്‍ ദമ്പതിമാര്‍ക്ക് മഹ്രൂഖ്, മെഹ്‌റിന്‍, മസിയ എന്നീ മൂന്ന് പെണ്‍മക്കളും മോഹിന്‍ നവാസ് എന്ന മകനുമാണുള്ളത്.
ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍
വിഷബാധയേറ്റെന്ന് അഭ്യൂഹം