ബോളിവുഡ് മെലോഡ്രാമകള്‍ക്ക് ആഫ്രിക്കയില്‍ വലിയ ആരാധക വൃന്ദമുണ്ട് ബൗക്കരി സവാഡോഗോ

ബോളിവുഡ് മെലോഡ്രാമകള്‍ക്ക് ആഫ്രിക്കയില്‍ വലിയ ആരാധക വൃന്ദമുണ്ട് ബൗക്കരി സവാഡോഗോ

അന്താരാഷ്ട്ര ചലചിത്ര മത്ര വേദികളില്‍ ജൂറിയായി പ്രവര്‍ത്തിക്കുന്ന ബുര്‍ക്കിനോ ഫാസോ സ്വദേശിയായ ബൗക്കരി സവാഡോഗോ ആഫ്രിക്കന്‍ സിനിമയെയും അതിന്റെ ഗതിവിഗതികളെക്കുറിച്ചും ആഴത്തില്‍ പഠിച്ച വ്യക്തിയാണ്. 17 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി നോക്കുന്ന അദ്ദേഹം അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയായാണ് ഐ. എഫ്.എഫ്.കെയില്‍ എത്തിയിട്ടുള്ളത്. അദ്ദേഹവുമായി നടത്തിയ അഭിമുഖം.

 

? ഇന്ത്യന്‍ ചലച്ചിത്രങ്ങളുമായി ബന്ധമുണ്ടോ

ഇന്ത്യയിലെ ഹിന്ദി മെലോഡ്രാമ ചിത്രങ്ങള്‍ക്ക് ആഫ്രിക്കയില്‍ വളരെയധികം ആരാധകരുണ്ട്. ഇത് കണ്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. പ്രത്യേകിച്ച് വടക്കന്‍ നൈജീരിയയില്‍ (ഞങ്ങള്‍ നോളിവുഡ് എന്ന് വിളിക്കും). ബോളിവുഡ് ചിത്രങ്ങളെ പകര്‍ത്തി പ്രാദേശിക ചേരുവകള്‍ ചേര്‍ത്ത് റീമേക്ക് ചെയ്യുന്ന പ്രവണതയുണ്ട്. ഇന്ത്യയിലെ ജനപ്രിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഞാന്‍ ഒഴിവാക്കാറുണ്ടെങ്കിലും എനിക്ക് ‘ത്രീ ഇഡിയറ്റ്‌സ്’ വളരെയധികം ഇഷ്ടപ്പെട്ടു.

? ആഫ്രിക്കന്‍ സിനിമാ മേഖലയില്‍ നിന്നുള്ള പുതിയ വാര്‍ത്ത എന്താണ്

ആഫ്രിക്കന്‍ സിനിമ ഇപ്പോള്‍ സുപ്രധാന വഴിത്തിരിവിലാണ്. പുതിയ ചലച്ചിത്ര നിര്‍മ്മാതാക്കള്‍, വര്‍ധിച്ചുവരുന്ന സിനിമ നിര്‍മ്മാണം, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ എന്നിവ അതിനെ അടയാളപ്പെടുത്തുന്നു. പ്രാദേശികമായ ടിവി സീരീസുകളും ആനിമേഷനും ഗെയിമുകളും ഈ ട്രെന്‍ഡില്‍ ഉള്‍പ്പെടുന്നു.

? സാങ്കേതികവിദ്യ എങ്ങനെയാണ് ആഫ്രിക്കന്‍ സിനിമയെ മാറ്റിയത്

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ വരവിന്‌ശേഷം ആരാണ് സംവിധായകന്‍ എന്ന സുപ്രധാന ചോദ്യമുയരുന്നുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും ക്യാമറയുമുണ്ട്, എഡിറ്റിംഗ് സോഫ്റ്റ്വെയറിനെക്കുറിച്ചും അറിയാം. അവരൊക്കെ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ചിലരാകട്ടെ ഗ്രാമങ്ങളില്‍ നേരിട്ട് പോയി പ്രൊജക്റ്റര്‍ ഉപയോഗിച്ച് അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു.

? സിനിമ ഗൗരവമായി കാണുന്ന ആഫ്രിക്കന്‍ ചലച്ചിത്രകാരന്മാരുടെ സൃഷ്ടികളുടെ ഉള്ളടക്കം എന്താണ്

60 കളിലും 70 കളിലും സിനിമയെ ശക്തമായ രാഷ്ട്രീയ, സാംസ്‌കാരിക ഉപകരണമായാണ് ആഫ്രിക്കയില്‍ ഉപയോഗിച്ചത്. എന്നാല്‍ 1990 കള്‍ക്ക് ശേഷം വിനോദമായി പ്രധാന ലക്ഷ്യം. അത് ഇന്നും തുടര്‍ന്നു പോരുന്നു. സിനിമ ഗൗരവത്തോടെ കാണുന്ന ചലച്ചിത്രകാരന്മാരായ മാലി, നൈജര്‍, ബുര്‍ക്കിന ഫാസോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരസുരക്ഷാ, തീവ്രവാദ പ്രശ്‌നങ്ങളിലേക്കാണ്ക്യാമറ തിരിക്കുന്നത്. സ്ത്രീകളുടെ ദുരവസ്ഥയും സാമ്പത്തിക പ്രതിസന്ധി കാരണം പുറം നാടുകളിലേക്ക് ചേക്കേറുന്ന യുവതലമുറയുമാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ മറ്റു പ്രധാന വിഷയങ്ങള്‍.

? ആഫ്രിക്കയിലെ ചലച്ചിത്രമേളകളെക്കുറിച്ച്…

രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന FESPACO മേളയാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രമേള. 40,000 ത്തിലധികം ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ മാത്രം പങ്കെടുക്കും. കണ്‍ട്രി ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മേളയില്‍ രാജ്യത്തിന്റെ പ്രസിഡന്റും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളാണ്. കൂടാതെ സംഗീത, സാംസ്‌കാരിക പരിപാടികള്‍ ഭക്ഷ്യമേളകള്‍ എന്നിവയുമുണ്ടാകും.

? ലോകമെമ്പാടുമുള്ള നിരവധി മേളകളില്‍ പങ്കെടുത്ത ജൂറി അംഗം എന്ന നിലയ്ക്കുള്ള താങ്കളുടെ അഭിപ്രായം

പൊതുജനങ്ങളുടെ വിപുലമായ പങ്കാളിത്തം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെപ്പോലെ തന്നെ ആഫ്രിക്കയിലെ ചലച്ചിത്രമേളകളുടെയും പ്രത്യേകതയാണ്. അമേരിക്കയിലെ മേളകളില്‍ ചിലപ്പോള്‍ ആളുകള്‍ സിനിമ കാണാന്‍ വരും, ചിലപ്പോള്‍ വരില്ല. കൂടുതലും വരുന്നത് പ്രൊഫഷണലുകള്‍ ആയിരിക്കും. ഒരു ആഫ്രിക്ക സ്വദേശിയുടേത് പോലെ മുഖത്ത് യഥാര്‍ത്ഥ പുഞ്ചിരി തെളിയുന്ന മലയാളി എന്നെ ആഹ്ലാദിപ്പിക്കുന്നു.

 

 

 

 

 

ബോളിവുഡ് മെലോഡ്രാമകള്‍ക്ക് ആഫ്രിക്കയില്‍ വലിയ ആരാധക വൃന്ദമുണ്ട് ബൗക്കരി സവാഡോഗോ

 

Share

Leave a Reply

Your email address will not be published. Required fields are marked *