ടിക്കറ്റ് നിരക്ക് 10,000 രൂപ; ബേപ്പൂര്‍- ദുബൈ ക്രൂസ് സര്‍വീസിനൊരുങ്ങുമ്പോള്‍

ടിക്കറ്റ് നിരക്ക് 10,000 രൂപ; ബേപ്പൂര്‍- ദുബൈ ക്രൂസ് സര്‍വീസിനൊരുങ്ങുമ്പോള്‍

കോഴിക്കോട്: നമ്മള്‍ ബോട്ട് സവാരിയും ചെറിയ ചില കപ്പല്‍ യാത്രകളുമൊക്കെ നടത്തിയിട്ടുള്ളവരാണ്. എന്നാല്‍, ഇനി ഇടം-വലം നോക്കാതെ ക്രൂയിസ് ഷിപ്പ് യാത്രകള്‍ നടത്താനും തയ്യാറെടുത്തോളൂ. കാരണം, ബേപ്പൂര്‍ – കൊച്ചി – ദുബൈ ക്രൂയിസ് സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ ക്രൂയിസ് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.

ബേപ്പൂര്‍ – കൊച്ചി – ദുബൈ എന്നിങ്ങനെ ആയിരിക്കും സര്‍വീസ്. പ്രവാസി യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ക്രൂയിസ് സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ക്രൂയിസ് ഷിപ്പ് സര്‍വീസ് ആരംഭിക്കുന്നതിന് ടെണ്ടര്‍ നടപടിക്രമങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. എറണാകുളം എം പി ഹൈബി ഈഡന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചത്.

കുത്തനെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്

കേരളത്തില്‍ നിന്ന് ദുബൈലേക്കുള്ള ക്രൂയിസ് ഷിപ്പ് ആരംഭിക്കുകയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഉപകരിക്കുന്നത് പ്രവാസികള്‍ക്ക് ആയിരിക്കും. കാരണം, അമിതമായ വിമാന ടിക്കറ്റ് നിരക്ക് നല്‍കിയാണ് പലപ്പോഴും പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നതും പിന്നീട് മടങ്ങുന്നതും. എന്നാല്‍, വിമാന ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് മാത്രം ചാര്‍ജുണ്ടെങ്കില്‍ ക്രൂയിസിന് ദുബൈ വരെ എത്താന്‍ കഴിയും. അത് മാത്രമല്ല, വിമാനത്തില്‍ കൊണ്ടു പോകുന്നതിനേക്കാള്‍ മൂന്നിരട്ടി അധിക ലഗേജും കൊണ്ടു പോകാന്‍ സാധിക്കും. കേരളത്തിനും ദുബൈക്കും ഇടയില്‍ ഒരു ക്രൂയിസ് ഷിപ്പ് കൊണ്ടു വരണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക റൂട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുടെ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.

ഒരു കപ്പലില്‍ യാത്ര ചെയ്യാന്‍ കഴിയുന്നത് 1250 പേര്‍ക്ക് വരെ

എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ പണി പൂര്‍ത്തിയാക്കിയ കപ്പലാണ് കേരള – ദുബൈ സര്‍വീസിനായി ഇപ്പോള്‍ കണ്ടു വച്ചിരിക്കുന്നത്. അവധിക്കാലം ഉള്‍പ്പെടെയുള്ള സീസണുകളില്‍ വിമാന ടിക്കറ്റ് അമിതമായി ഉയരുന്നത് പല പ്രവാസികളെയും വെട്ടിലാക്കിയിട്ടുണ്ട്. ഇതിന് ഒരു പരിഹാരം ആയിരിക്കും ക്രൂയിസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ ലഭിക്കുക. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് 10,000 രൂപയ്ക്ക് ലഭ്യമാക്കാന്‍ കഴിയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് യു എ ഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍, അതിന് ദീര്‍ഘായുസ് ഉണ്ടായിരുന്നില്ല. പുതിയ കപ്പല്‍ വരുമ്പോള്‍ അതിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റു നോക്കുന്നത്. സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ അമിതമായ വിമാനടിക്കറ്റ് നിരക്കില്‍ ഞെരുങ്ങുന്ന പ്രവാസികള്‍ക്ക് അതൊരു ആശ്വാസമാകും.

 

ടിക്കറ്റ് നിരക്ക് 10,000 രൂപ; ബേപ്പൂര്‍- ദുബൈ ക്രൂസ് സര്‍വീസിനൊരുങ്ങുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *