കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക്;  6 ഇരട്ടിയിലേറെ വര്‍ധന

കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക്; 6 ഇരട്ടിയിലേറെ വര്‍ധന

മലപ്പുറം: അവധിക്കാല ടിക്കറ്റ് നിരക്ക് പതിവുപോലെ കുതിച്ചുയരുന്നു. ക്രിസ്മസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള ഗള്‍ഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധന. കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വന്‍ തോതിലാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് ഇതേ സമയത്ത് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയില്ല. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തി. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി.

ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സരദിനത്തില്‍ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസില്‍ 75,000 രൂപയാണു നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിന് പുതുവത്സര ദിനത്തില്‍ 1,61,213 രൂപ നല്‍കണം.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് നിലവില്‍ ഇത്തിഹാദില്‍ 26,417 രൂപയ്ക്ക് യാത്ര ചെയ്യാമെങ്കില്‍ ക്രിസ്മസ്-പുതുവത്സര സീസണില്‍ 50,000 രൂപ നല്‍കണം. 4 അംഗങ്ങളുള്ള കുടുംബത്തിന് ദുബൈയില്‍നിന്നു നാട്ടിലെത്താന്‍ 2,00,000 രൂപ ടിക്കറ്റ് ഇനത്തില്‍ ചെലവാകും.

 

കേരള യുഎഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് മുന്‍കൂട്ടി നിരക്ക് ഉയര്‍ത്തിക്കഴിഞ്ഞു. നേരത്തേ 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിനു മുകളില്‍ നല്‍കേണ്ടിവരും. കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍നിന്നും സീസണ്‍ കഴിയുന്നതുവരെ യുഇഎയിലേക്ക് യാത്രചെയ്യാന്‍ 40,000 രൂപ വരെയാകും. ദുബൈയില്‍നിന്ന് കേരളത്തിലേക്ക് ഈ മാസം 22 മുതല്‍ ജനുവരി 8 വരെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യണമെങ്കില്‍ 30,000 രൂപയ്ക്കു മുകളില്‍ നല്‍കണം. നിലവില്‍ 12,000 രൂപയാണ് നിരക്ക്. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കും നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധനയുണ്ട്.

 

കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക്; 6 ഇരട്ടിയിലേറെ വര്‍ധന

 

Share

Leave a Reply

Your email address will not be published. Required fields are marked *