കൊച്ചി: ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുമാറിയതില്‍ വസ്തുതാ പരിശോധന നടത്തണമെന്ന് ഉത്തരവിട്ട ഹൈക്കോടതി അതിന് സെഷന്‍സ് ജഡ്ജിക്ക് ഏത് ഏജന്‍സിയെയും ആശ്രയിക്കാമെന്നും വ്യക്തമാക്കി. വീണ്ടും അന്വേഷണത്തില്‍ പരാതി ഉണ്ടെങ്കില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. 2022ല്‍ അതിജീവിത നല്കിയ ഹരജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ തുടരന്വേഷണം നടക്കുന്ന സമയമായതിനാല്‍ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തില്‍ പറയുകയും ഏഴ് ദിവസത്തിനകം സര്‍ക്കാര്‍ അംഗീകൃത ലാബില്‍ അത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ നല്കിയ റിപ്പോര്‍ട്ടിലും മൂന്ന് തവണ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തുകയും ചെയ്തു.