ഡോ. എ.ജെ.ഷഹാന ആത്മഹത്യ ചെയ്ത സംഭവം,കുറ്റം തെളിഞ്ഞാല്‍ ഡോ.റുവൈസിന്റെ ബിരുദം റദ്ദാക്കും ആരോഗ്യ സര്‍വകലാശാല

ഡോ. എ.ജെ.ഷഹാന ആത്മഹത്യ ചെയ്ത സംഭവം,കുറ്റം തെളിഞ്ഞാല്‍ ഡോ.റുവൈസിന്റെ ബിരുദം റദ്ദാക്കും ആരോഗ്യ സര്‍വകലാശാല

തിരുവനന്തപുരം:യുവ ഡോക്ടര്‍ എ.ജെ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡോ.ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. രണ്ടു വര്‍ഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയിട്ട്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്‌സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങുന്നത്. തുടക്കത്തില്‍ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോള്‍ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പല്‍ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇതു നിലനില്‍ക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് വിസി പറഞ്ഞു.

സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ അങ്ങനെ ഒപ്പിട്ടു വാങ്ങാന്‍ അധികാരമുണ്ടോ എന്നു ചോദ്യമുയര്‍ന്നിരുന്നു. പക്ഷേ, അത്തരമൊരു നിര്‍ദേശം നിലവിലുണ്ട്. കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ബിരുദം റദ്ദാക്കും. ആരോഗ്യ സര്‍വകലാശാലയുടെ നിലപാടാണിത്. വിദ്യാര്‍ഥികളില്‍ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനു കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. പ്രത്യേക ഫോമിലാണ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയറും പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ റുവൈസിന്റെ വിവാഹ ആലോചന വരുന്നത് മാസങ്ങള്‍ക്കു മുന്‍പാണ്. ഒരേ പ്രൊഫഷന്‍ ആയതിനാല്‍ ഷഹാനയ്ക്കും താല്‍പര്യം ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായി. വിവാഹ ആലോചന വന്നപ്പോള്‍ തന്നെ 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഷഹാനക്ക് ബാപ്പയില്ല.വലിയ സംഖ്യ സ്ത്രീധനം കൊടുക്കാന്‍ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തില്‍ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യമുണ്ടായതില്‍ ഷഹാന മാനസിക വിഷമത്തിലായിരുന്നു.

 

 

 

 

ഡോ. എ.ജെ.ഷഹാന ആത്മഹത്യ ചെയ്ത സംഭവം,കുറ്റം തെളിഞ്ഞാല്‍
ഡോ.റുവൈസിന്റെ ബിരുദം റദ്ദാക്കും ആരോഗ്യ സര്‍വകലാശാല

Share

Leave a Reply

Your email address will not be published. Required fields are marked *