ദുബായ്: അഞ്ച് ദിവസം പിന്നിടുമ്പോള്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി (കോപ്28) സമാഹരിച്ചത് 8300 കോടി ഡോളര്‍. ചരിത്രപരമായ 11 പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും ഇതോടൊപ്പം നടന്നു. കൂടാതെ യു.എ.ഇ. ബാങ്ക്സ് ഫെഡറേഷന്‍ കാലാവസ്ഥാ സഹായധനത്തിനായി 27,000 കോടി ഡോളര്‍ കൂടി പ്രത്യേകം വാഗ്ദാനം ചെയ്തിരുന്നു. കോപ് 28 കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ ഒരു പുതിയ യുഗത്തിനാണ് വഴിയൊരുക്കിയതെന്ന് അധ്യക്ഷന്‍ ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ വ്യക്തമാക്കി.
കോപ് 28- ന്റെ ആദ്യദിനം മുതല്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങള്‍ നികത്തുന്നതിനായി ചരിത്രപരമായ കരാറാണ് ഉറപ്പിച്ചത്. വിവിധ ഫണ്ടുകളിലേക്കാണ് ധനം സമാഹരിക്കുന്നത്.ഇതിനായി 72.6 കോടി ഡോളര്‍ ഇതുവരെ വാഗ്ദാനം ചെയ്തു. ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് (ജി.സി.എഫ്.) 350 കോടി ഡോളര്‍, അഡാപ്റ്റേഷന്‍ ഫണ്ട് 13.36 കോടി ഡോളര്‍, വികസിത രാജ്യങ്ങളുടെ ഫണ്ടിലേക്ക് 12.93 കോടി ഡോളര്‍, പ്രത്യേക കാലാവസ്ഥാ വ്യതിയാന ഫണ്ടിലേക്ക് 3.1 കോടി ഡോളര്‍, പോസിറ്റീവ് ക്ലൈമറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. യുടെ ആള്‍ടെറാ കാറ്റലറ്റിക് ഫണ്ടായി 3000 കോടി ഡോളറും ഈ ദിനങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്നു. ആള്‍ടെറാ ഫണ്ടിലേക്കായി 25,000 കോടി ഡോളര്‍ അധികമായി സമാഹരിക്കാനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്.ലോകത്തെ ദുര്‍ബലമായ രാജ്യങ്ങളെ സഹായിക്കാന്‍ 20 കോടി ഡോളറും ജല സുരക്ഷാ പരിഹാരങ്ങള്‍ക്കായി 15 കോടി ഡോളറും യു.എ.ഇ. വാഗ്ദാനം ചെയ്തു. അതേസമയം കാലാവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 2024, 2025 വര്‍ഷങ്ങളില്‍ ലോകബാങ്ക് പ്രതിവര്‍ഷം 900 കോടി ഡോളര്‍ അധികമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വികസന ബാങ്കുകള്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി 2260 കോടി ഡോളറും അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.