സിബില്‍ സ്‌കോര്‍ 750 ന് മുകളിലെത്തിക്കാന്‍ വഴിയെന്ത്? വായ്പ എടുക്കാതിരുന്നാലും പ്രശ്‌നം?

സിബില്‍ സ്‌കോര്‍ 750 ന് മുകളിലെത്തിക്കാന്‍ വഴിയെന്ത്? വായ്പ എടുക്കാതിരുന്നാലും പ്രശ്‌നം?

സിബില്‍ സ്‌കോര്‍ പെര്‍ഫക്ട് ആണ് എന്ന് പറയുന്നത് 750 മുകളിലുള്ള സംഖ്യയാണ്. 300 നും 900 ത്തിനും ഇടയിലാണ് സിബില്‍ സ്‌കോര്‍ വരുന്നതെങ്കിലും ബാങ്കുകള്‍ക്ക് താല്‍പര്യം 750 മുകളിലുള്ളരെയാണ്. ബാങ്കുകളില്‍ നിന്ന് വായ്പയ്ക്ക് മികച്ച ഓഫറുകള്‍ ലഭിക്കാനും മികച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാനും ഉയര്‍ന്ന ലിമിറ്റ് നേടാനും 750 മുകളില്‍ സിബില്‍ സ്‌കോര്‍ നിലനിര്‍ത്തേണ്ടതുണ്ട്.

ഭവനവായ്പ, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ എന്നിവയ്ക്ക് ബാങ്കിനെ സമീപിക്കുമ്പോള്‍ ആദ്യം പരിശോധിക്കുന്നത് അപേക്ഷകന്റെ സിബില്‍ സ്‌കോറാണ്. അപേക്ഷകന്‍ വായ്പ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും തിരിച്ചടവ് രീതി മനസിലാക്കാനുമാണ് ബാങ്കുകള്‍ക്ക് ഇത് പരിശോധിക്കുന്നത്. വായപയുമായി ബന്ധപ്പെട്ട് വരുത്തി വെയ്ക്കുന്ന ചെറിയ തെറ്റുകള്‍ പോലും സിബില്‍ സ്‌കോറിനെ നശിപ്പിച്ചേക്കാം. സിബില്‍ സ്‌കോര്‍ മികച്ച തലത്തില്‍ നിര്‍ത്താനും താഴ്ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് ഉയര്‍ത്തിയെടുക്കാനുമുള്ള വഴികള്‍ നോക്കാം.

തിരിച്ചടവ് മുടങ്ങുന്നത്

വായ്പ തിരിച്ചടവില്‍ പ്രതിമാസ ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. വായ്പയില്‍ ഇഎംഐകകള്‍ കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ഇഎംഐ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കം. ഇത് നിശ്ചിത തീയതിയില്‍ ഇഎംഐ തുക സ്വയമേവ കുറയ്ക്കും.

ഒന്നിലധികം വായ്പകള്‍

പേഴ്‌സണല്‍ ലോണ്‍ പോലെ ഈട് ആവശ്യമില്ലാത്ത വായ്പകള്‍ ഒരേ സമയം രണ്ടിലധികം കയ്യിലുണ്ടാകുന്നത് ക്രെഡിറ്റ് സ്‌കോറിന് അനുകൂലമല്ല. അണ്‍സെക്യൂര്‍ഡ് വായ്പ കൂടുതലുണ്ടാകുന്നത് സിബില്‍ സ്‌കോറിനെ ബാധിക്കും. അതോടൊപ്പം അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള വായ്പ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ.

ഒരേ സമയം ഒന്നിലധികം വായ്പകള്‍ എടുക്കുന്നതിലൂടെ തിരിച്ചടവ് സാമ്പത്തികമായ ഭാരമാകും. ഇത് ക്രെഡിറ്റ് സ്‌കോറിന് കേടുപാടുകള്‍ വരുത്താനും സാധ്യതയുണ്ട്. ഉയര്‍ന്ന ഇഎംഐ കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ഇത് ക്രെഡിറ്റ് സ്‌കോറിനെ മോശമാക്കുകയും ചെയ്യും.

ജാമ്യക്കാരനായാല്‍

വായ്പ എടുക്കണമെന്നില്ല ക്രെഡിറ്റ് സ്‌കോര്‍ പോയികിട്ടാന്‍ വായ്പയ്ക്ക് ജാമ്യം നിന്നാലും മതിയാകും. മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യക്കാരനാകുന്നതിലൂടെ തിരിച്ചടവ് വായ്പയെടുത്തയാളോടൊപ്പം ജാമ്യക്കാരന്റെ കൂടി ഉത്തരവാദിത്വമാണ്. കടം വാങ്ങുന്നയാള്‍ തിരിച്ചടക്കുന്നതില്‍ പരാജയപ്പെടുകയോ ഇഎംഐ പതിവായി മുടങ്ങുകയോ ചെയ്താല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയും.

ജോയിന്റ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഇത്തരം അക്കൗണ്ടിലുള്ള വായ്പ മുടങ്ങിയാല്‍ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറായ എല്ലാവരുടെയും ക്രെഡിറ്റ് സ്‌കോര്‍ താഴും. അതിനാല്‍ ജ്യാമക്കാരനാകുന്നതിനും ജോയിന്റ് അക്കൗണ്ട് ഉടമയാകുന്നതിനും മുന്‍പ് രണ്ടു വട്ടം ചിന്തിക്കണം.

ക്രെഡിറ്റ് കാര്‍ഡിന്റെ അമിത ഉപയോഗം

ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുള്ളപ്പോള്‍ അമിതമായി ചെലവാക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്തേണ്ടത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. പ്രതിമാസം ക്രെഡിറ്റ് പരിധിയുടെ 30 ശതമാനം മാത്രം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക.

വായ്പ എടുക്കാതിരുന്നാല്‍

വായ്പകളൊന്നും തന്നെ എടുക്കാത്തൊരാളുടെ ക്രെഡിറ്റ് സ്‌കോര്‍ മൈനസില്‍ തുടരും. ഈ സാഹചര്യത്തില്‍ അപേക്ഷകന്റെ ക്രെഡിറ്റ് ചരിത്രം മനസിലാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. ഇവിടെ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കും. ഇത്തരക്കാര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ബാങ്കുകളില്‍ സ്ഥിര നിക്ഷേപമിട്ട് ഇത് ഈടായി കാണിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാം. ഇവ ഉപയോഗിക്കുകയും കൃത്യമായി തിരിച്ചടയക്കുകയും ചെയ്യുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയരും.

 

സിബില്‍ സ്‌കോര്‍ 750 ന് മുകളിലെത്തിക്കാന്‍ വഴിയെന്ത്? വായ്പ എടുക്കാതിരുന്നാലും പ്രശ്‌നം?

 

Share

Leave a Reply

Your email address will not be published. Required fields are marked *