ഐസ്വാള്‍: മിസോറാമില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് 11 ഇടത്തും കോണ്‍ഗ്രസ് 06 ഇടത്തും മുന്നേറുന്നു. ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്. സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച സെഡ്പിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
അതേ സമയം, നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേക്ക്. ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദിയെ മുന്നില്‍ നിര്‍ത്തി പോരാടിയ ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ് വെന്നിക്കൊടി പാറിച്ചത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ഇറങ്ങിയ കോണ്‍ഗ്രസിന് രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടമായി. എങ്കിലും തെലങ്കാനയിലെ മിന്നുന്ന വിജയം കോണ്‍ഗ്രസിന് ആശ്വാസമായി.