മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകര്‍ക്കെതിരെയാണ് കേസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കേസ് എടുത്തിട്ടുള്ളത്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവം നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് വനിതാ മജിസ്‌ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകര്‍ കോട്ടയം കോടതി കോംപ്ലക്‌സില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

വനിതാ മജിസ്‌ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമാണ് അഭിഭാഷകര്‍ കോട്ടയം കോടതി കോംപ്ലക്‌സില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ‘പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സിജെഎമ്മേ…’, ‘ആളിക്കത്തിപ്പടരും തീയില്‍ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.

2013ല്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന മണര്‍കാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമെന്നു തെളിഞ്ഞതോടെ ആയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമര്‍പ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയില്ലെന്ന് ബാര്‍ അസോസിയേഷന്‍ പ്രതികരിച്ചു. അഭിഭാഷകനെ പ്രതിയാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നല്‍കി.

എന്നാല്‍ പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ 8 മിനിറ്റോളം തടസപ്പെടുത്തിയതായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. മോശം പരാമര്‍ശം നടത്തിയതില്‍ ബാര്‍ അസോസിയേഷനിലും ഭിന്നാഭിപ്രായം ഉണ്ട്.

 

മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *