മലയാളത്തിന്റെ പ്രിയ കഥാകാരി വല്‍സല ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍

മലയാളത്തിന്റെ പ്രിയ കഥാകാരി പി.വല്‍സല വിടവാങ്ങിയിരിക്കുന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ആ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുന്‍ നിര്‍ത്തി രചിച്ച നെല്ല് എന്ന നോവലിലൂടെയാണ് പി.വല്‍സല ശ്രദ്ധേയയാവുന്നത്. ഇരുപതോളം നോവലുകളും, ബാലസാഹിത്യ കൃതികളും, ജീവചരിത്രങ്ങളും, യാത്രാവിശേഷങ്ങളും രേഖപ്പെടുത്തിയാണ് പി.വല്‍സലയുടെ മടക്കം. തകര്‍ച്ച ആണ് ആദ്യ നോവല്‍. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

1975ല്‍ നിഴലുറങ്ങുന്ന വഴികള്‍ നേവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2007ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും നല്‍കി ആദരിച്ചു.

പ്രകൃതിയെ സ്‌നേഹിച്ച എഴുത്തുകാരിയായിരുന്നു അവര്‍. സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അവര്‍ തന്റെ രചനകളില്‍ പ്രമേയമാക്കി. കാടിനെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു എഴുത്തുകാരിയില്ല. കാടിനോടുള്ള പ്രണയത്താല്‍ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും ഉള്ളില്‍ വനത്തിനകത്താണ് അവര്‍ വീട് വെച്ചത്. വീടിന് നല്‍കിയ പേരും കൂമന്‍കൊല്ലിയെന്നായിരന്നു. 1967 മുതല്‍ വയനാടിനെ അവര്‍ അഗാധമായി പ്രണയിച്ചു. വയനാട്ടിലെ ആദിവാസികളുടെ ജീവിതം അവരില്‍ വലിയ ചിന്തകളുണ്ടാക്കി. നക്‌സലേറ്റ് പ്രസ്ഥാനത്തനെക്കുറിച്ചും അവരുടെ രചനകളില്‍ ഇടംനേടി.

പിതാവ് വയനാട്ടില്‍ ജോലി ചെയ്തിരുന്ന കാലത്ത് പകര്‍ന്ന് നല്‍കിയ അറിവുകളാണ് അവര്‍ക്ക് വയനാടിനെ പ്രണയിക്കാന്‍ പ്രേരണയായത്. അവിടുത്തെ ആദിവാസികളുടെ നേര്‍ ചിത്രം അവരുടെ രചനകളില്‍ നിറഞ്ഞു നിന്നു. ജീവചരിത്ര രചന, ബാല സാഹിത്യം, ചെറുകഥാ സാഹിത്യം എന്നിവയിലെല്ലാം വിലപ്പെട്ട രചനകള്‍ നല്‍കിയ, പുനെല്ലിന്റെ ശോഭ മലയാളിയുടെ മനസ്സില്‍ നിറച്ച പ്രിയ എഴുത്തുകാരിക്ക് വിട.

Share

Leave a Reply

Your email address will not be published. Required fields are marked *