ഒന്നരമാസമായി തുടരുന്ന ഗാസ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് താത്കാലിക വിരാമമിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.
ഗാസയിലേക്ക് സഹായം എത്തിക്കുക, ബന്ധികള്‍ക്ക് പകരം ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനികളെ മോചിപ്പിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് കരാറില്‍ ഉള്‍പ്പെടുക. ഇസ്രയേല്‍ തടവിലാക്കിയ ആളുകള്‍ക്കായി ഹമാസ് ബന്ദികളാക്കിയവരുടെ കൈമാറ്റവും ഉള്‍പ്പെടുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥന് ഇസത്ത് എല്‍ റെഷിഖ് പറഞ്ഞു.
ഇസ്രയേലിന്റെ ‘അധിനിവേശ ജയിലുകളില്‍’ കഴിയുന്ന പലസ്തീന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകരം ഇസ്രയേല്‍ സ്ത്രീകളെയും കുട്ടികളെയും ഗാസയില്‍നിന്ന് മോചിപ്പിക്കുന്നതും കരാറിലുണ്ടെന്ന് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേലില്‍നിന്ന് പിടികൂടിയ 240 ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആഴ്ചകളായി ഖത്തറില്‍ നടന്നുവരികയായിരുന്നു. ഒരു കരാറിലേക്ക് എത്താറായതായി നേരത്തെ അമേരിക്കയും അറിയിച്ചിരുന്നു.