പുറം ലോകം കാണാതെ 5-ാം ദിനം 40 പേര്‍

പുറം ലോകം കാണാതെ 5-ാം ദിനം 40 പേര്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം അഞ്ചാം ദിവസത്തിലേക്ക്. 96 മണിക്കൂറിലേറെയായി ഇവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്.

തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം പരമാവധിശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.
കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു.

ഇതിനിടെ യു.എസ്. നിര്‍മിത ഡ്രില്ലിങ് ഉപകരണം’അമേരിക്കന്‍ ആഗര്‍’ എത്തിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും എന്ന് പ്രതീക്ഷിക്കുന്നു. വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും.

ചൊവ്വാഴ്ച രാത്രിമുതല്‍ ഉപകരണംവെച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി.

തുരങ്കത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരിക്കന്‍ ആഗര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മില്ലീമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപ്പുകള്‍ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൃദുവായ പാറകളാണ് ഹിമാലയന്‍ മേഖലകളുടെ പ്രത്യേകത. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി വെല്ലുവിളികളെ നേരിടേണ്ടതായി വരുമെന്നാണ് നഗര വികസന മന്ത്രാലയം മുന്‍ സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണ വ്യക്തമാക്കുന്നത്.

ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *