ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്തി

ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്തി

ന്യൂഡല്‍ഹി: പാലസ്തീനിലും ഇസ്രയേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെമോക്രാറ്റിക് വേള്‍ഡ് ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹി – ശ്രീനിവാസ്പുരിയില്‍ നിരാഹാര സത്യാഗ്രഹം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തില്‍ നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സാമൂഹ്യ – സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തു.

നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുന്ന ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ ഇന്ത്യാ സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നും ഇസ്രായേലിനേയും പാലസ്തീനെയും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടനയും മുഴുവന്‍ ലോകനേതാക്കളും മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്. മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഇസ്രായേല്‍ ഭരണകൂടത്തേയും ഹമാസിനേയും പിന്തുണക്കുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് വ്യക്തമാക്കി. ഇസ്രായേല്‍ ഭരണകൂടവും ഹമാസും മനുഷ്യരാശിയോട് ചെയ്യുന്ന കൊടും ക്രൂരത കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ് ലോക നേതാക്കളും മതഭ്രാന്തന്‍മാരുമെന്ന് രാജീവ് ജോസഫ് കൂട്ടപ്പെടുത്തി. യുദ്ധം വ്യാപകമായാല്‍ ഇസ്രായേലിലെയും പാലസ്തീനിലെയും നിരപരാധികളായ ജനലക്ഷങ്ങള്‍ വധിക്കപ്പെടുമെന്ന് മനസ്സിലാക്കുവാന്‍ യുദ്ധ അനുകൂലികള്‍ക്ക് സാധിക്കാത്തത്, അവരുടെ തീവ്രമത ചിന്താഗതികളും മരവിച്ച മനഃസ്സാക്ഷിയും മാത്രമാണ്. ഇവരുടെയൊക്കെ ദൈവവിശ്വാസവും പ്രാര്‍ത്ഥനയും കപടവും അപഹാസ്യവുമാണെന്ന് രാജീവ് ജോസഫ് പറഞ്ഞു.

ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായി ഇന്ത്യയില്‍ നടത്തുന്ന സമരങ്ങളും പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കരുതെന്നും, യുദ്ധക്കളത്തില്‍ കൊലചെയ്യപ്പെടുന്ന നിഷ്‌കളങ്കരായ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും കൂട്ടക്കരച്ചില്‍ കേള്‍ക്കാതെ, ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പക്ഷത്തുചേര്‍ന്ന് പതിനായിരങ്ങളുടെ പ്രാണനെടുക്കുന്ന കാലന്മാരുടെ കൂട്ടത്തില്‍ കൂടുവാന്‍, മഹാത്മാ ഗാന്ധിയുടെ നാടായ ഇന്ത്യ തയ്യാറാകരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *