ജറുസലം: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ഹമാസ് തെരുവുയുദ്ധം. കൂട്ടപ്പാലായനത്തിനിടയിലും രോഗികള്‍ക്കു പുറമേ ആയിരങ്ങള്‍ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേല്‍ സൈന്യമടുത്തെന്നാണു റിപ്പോര്‍ട്ട്. അല്‍ ഷിഫയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപണം.
വടക്കന്‍ ഗാസയിലെ മുഖ്യപാതയില്‍ കനത്ത ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണ്. തെരുവുയുദ്ധത്തില്‍ ഇരുപക്ഷത്തും കാര്യമായ ആള്‍നാശമുണ്ടെന്നാണു സൂചന. 10 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ജബാലിയ അഭയാര്‍ഥി ക്യാംപിലെ കോംപൗണ്ട് 17 എന്ന ഹമാസ് താവളം പിടിച്ചതായും ഒട്ടേറെ ഹമാസുകാരെ വധിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
35 സൈനികര്‍ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാല്‍, ഇതിലധികം സൈനികരെ വധിച്ചതായും ഡസന്‍കണക്കിനു ടാങ്കുകളും ബുള്‍ഡോസറും സൈനികവാഹനങ്ങളും തകര്‍ത്തതായും ഹമാസ് അവകാശപ്പെട്ടു.തെക്കന്‍ ഗാസയിലെ പ്രധാന നഗരമായ ഖാന്‍ യൂനിസില്‍ ഇന്നലെയും പാര്‍പ്പിടസമുച്ചയങ്ങള്‍ ബോംബിട്ടുതകര്‍ത്തു. 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേര്‍ കൂടി വടക്കന്‍ഗാസയില്‍നിന്നു പലായനം ചെയ്തുവെന്ന് യുഎന്‍ അറിയിച്ചു.