ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം; നഷ്ടപ്പെട്ടത് 10,000ലധികം ജീവനുകള്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം; നഷ്ടപ്പെട്ടത് 10,000ലധികം ജീവനുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസ തകര്‍ന്നടിഞ്ഞു. 11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേല്‍.

കെട്ടിടങ്ങളും പാര്‍പ്പിടങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി. വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞുങ്ങളും ഗര്‍ഭിണികളും അലഞ്ഞു. ഇന്ധനമില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. അവശ്യമരുന്നുകള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥ വന്നു.

യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേലായിരിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓപ്പറേഷന്‍ അയേണ്‍ സ്വേഡ് എന്ന പേരിലായിരുന്നു തിരിച്ചടി. ഇസ്രയേല്‍ ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവും ശക്തമാക്കിയതോടെ ഗാസ കണ്ണീര്‍ മുനമ്പായി മാറി. 30 ദിവസം കൊണ്ട് 11500 ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ മാത്രം പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലായിരത്തിലധികം കുഞ്ഞുങ്ങളും.

ലോകരാജ്യങ്ങളെല്ലാം അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമ്പോഴും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. സ്വയം പ്രതിരോധമെന്ന് പറഞ്ഞ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുമ്പോള്‍ ഐക്യരാഷ്ട്രസഭക്കും ഒന്നും ചെയ്യാനാകുന്നില്ല. ഹമാസ് ബന്ദികളാക്കിയ ഇരുനൂറിലധികം പേരുടെ മോചനവും നീളുകയാണ്.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *