ടൊറന്റോ: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന് അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവിട്ട വീഡിയോയില്‍ ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് എയര്‍ ഇന്ത്യന്‍വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കാന് കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒന്നിലധികം നേരിട്ടുള്ള ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.