ഹിസ്ബുല്ലയ്ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കാന്‍ വാഗ്‌നര്‍ ഗ്രൂപ്പ്

ഹിസ്ബുല്ലയ്ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കാന്‍ വാഗ്‌നര്‍ ഗ്രൂപ്പ്

വാഷിങ്ടന്‍: നിര്‍ണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. ഹമാസിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച, ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കു വാഗ്‌നര്‍ ഗ്രൂപ്പ് ആയുധങ്ങള്‍ നല്‍കാനൊരുങ്ങുന്നു എന്നാണു വിവരം. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹിസ്ബുല്ലയും വാഗ്‌നര്‍ ഗ്രൂപ്പും തമ്മിലുള്ള ചര്‍ച്ചകളും ഇടപെടലുകളും യുഎസ് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആധുനിക വിമാനവേധ മിസൈലായ എസ്എ22 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഹിസ്ബുല്ലയ്ക്കു വാഗ്‌നര്‍ നല്‍കിയേക്കുമെന്നാണു സൂചന. ട്രക്കില്‍ ഘടിപ്പിച്ച സര്‍ഫസ് ടു എയര്‍ മിസൈലും വിമാനവേധ ആയുധങ്ങളും ഉള്‍പ്പെടുന്നതാണ് പാന്റ്സിര്‍ എസ്1 എന്നറിയപ്പെടുന്ന എസ്എ22 സംവിധാനം. റഷ്യയില്‍ നിര്‍മിച്ചതാണിത്.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തിനും എസ്എ22 ഉപയോഗിക്കുന്നുണ്ട്. ഇസ്രയേല്‍ സേനയും ഹിസ്ബുല്ലയും തമ്മില്‍ ലബനന്‍ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെ രംഗപ്രവേശം. എസ്എ22 സംവിധാനം ലബനനില്‍നിന്ന് ഗാസയിലേക്ക് എത്തിക്കുമോ, ഹമാസിന്റെ കൈവശമെത്തുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം.

Share

Leave a Reply

Your email address will not be published. Required fields are marked *