കോഴിക്കോട്: ചര്‍മ്മരോഗ വിദഗ്ധരുടെ അഖിലേന്ത്യാ സമ്മേളനം 3,4,5 തിയതികളില്‍ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യമായാണ് അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1200ലധികം ചര്‍മ്മ രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ക്ലിനിക്കല്‍ ഡെര്‍മറ്റോളജി, ഡെര്‍മറ്റോ സര്‍ജറി എന്നീ രണ്ട് വിഭാഗങ്ങള്‍ക്കും തുല്ല്യപ്രാധാന്യമാണ് സമ്മേളനത്തില്‍ നടക്കുന്നത്. സ്റ്റീറോയ്ഡ് അടങ്ങിയ മരുന്നുകള്‍ ആളുകള്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതിലെ വിപത്തുകളെപ്പറ്റി സമ്മേളനം ചര്‍ച്ച ചെയ്യും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 5-ാം തിയതി രാവിലെ ബീച്ചില്‍ ബോധവല്‍ക്കരണ റാലി നടത്തും. ഇത്തരം ക്രീമുകളുടെ നിയമാനുസൃതമല്ലാത്ത ലഭ്യത തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ട് വെക്കും. കോസ്മറ്റിക് സര്‍ജറി രംഗത്തെ വ്യാജ ചികിത്സകരുടെ കടന്നുകയറ്റം അവസാനിപ്പിച്ച് ഈ രംഗത്ത് ജനങ്ങള്‍ക്ക് ആവശ്യമായ അത്രയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം എത്തിക്കുന്നതിനെക്കുറിച്ചും സമ്മേളനം ഊന്നല്‍ നല്‍കുന്നു.
സമ്മേളനം 3-ാം തിയതി ചീഫ് പാട്രണ്‍ പ്രൊഫ.പി.സുഗതന്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ പ്രസിഡണ്ട് ഡോ.വിജയ് സവാര്‍ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 5ന് വൈകിട്ട് 4 മണിക്ക് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.രേണുക, സെക്രട്ടറി ഡോ.ശ്രിബിജു.എം.കെ, ട്രഷറര്‍ ഡോ.അമിത.കെ.ആര്‍, ഡോ.നമിത.പി എന്നിവര്‍ പങ്കെടുത്തു.