വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ ദേശീയ മാനവിക സൗഹൃദ വേദി സംസ്ഥാന കണ്‍വെന്‍ഷന്‍

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ ദേശീയ മാനവിക സൗഹൃദ വേദി സംസ്ഥാന കണ്‍വെന്‍ഷന്‍

തൃശൂര്‍ : സാംസ്‌കാരികവും മതപരവും ദാര്‍ശനികവും ഭാഷാ പരവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെയും, വെറുപ്പിന്റെയും വിഭാഗീയതയുടേയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനെതിരെയും സ്‌നേഹത്തിന്റെ രാഷ്ട്രീയമുയര്‍ത്തി പ്രതിരോധം തീര്‍ക്കണമെന്ന് ദേശീയ മാനവിക സൗഹൃദ വേദി സംസ്ഥാന ശില്പശാല ആഹ്വാനം ചെയ്തു. ദേശീയ തലത്തില്‍ രൂപം കൊടുത്ത പ്രചരണ പരിപാടിയായ മേരേ ഖര്‍ ആഗെ തോ ദേഖോ (എന്റെ വീട്ടിലേക്ക് വരൂ എന്നേയും ഉള്‍ക്കൊള്ളു) എന്നതിന്റെ ഭാഗമായാണ് ശില്പശാല നടന്നത്.

കേരള സാഹിത്യ അക്കാദമിയില്‍ വെച്ചു നടന്ന ശില്പശാലയുടെ ഉദ്ഘാടനം പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടര്‍ ടി.ശ്യാംകുമാര്‍ നിര്‍വഹിച്ചു. ഹിന്ദുത്വം ദൈവ ഭാവനയെ മനുഷ്യരെ വിഭജിക്കാനായാണ് ഉപയോഗപ്പെടുത്തുന്നതെന്നും ദൈവഭാവനയെ ജാതി ബ്രാഹ്‌മണ്യ മേധാവിത്തം വളര്‍ത്തുന്നതിന് ഉപാധിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈത്രി, സ്‌നേഹം, സാഹോദര്യം, ശാസ്ത്രബോധം എന്നിവയിലൂടെ തുല്യതയുള്ള ദൈവഭാവനയെ പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നും ഡോ. ശ്യാംകുമാര്‍ പറഞ്ഞു.

ജാതീയത നിലനില്ക്കുന്ന സമൂഹത്തില്‍ ജനാധിപത്യം സമ്പൂര്‍ണ്ണമാകില്ലെന്ന് ശില്പശാലയില്‍ പ്രഭാഷണം നടത്തിയ സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഗ്ഗീയതക്കും വിഭജനത്തിനുമെതിരെ പ്രതിരോധം തീര്‍ക്കണമെന്നും സച്ചിദാനന്ദന്‍ ആഹ്വാനം ചെയ്തു.

മനുഷ്യമനസ്സുകളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ സ്‌നേഹ രാഷ്ട്രീയം വളര്‍ത്തണമെന്ന് ശില്പശാലയില്‍ എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു.
ഡോക്ടര്‍ ഖദീജ മുംതാസ് അദ്ധ്യക്ഷയായ യോഗത്തില്‍ ഡോക്ടര്‍ ഡി.ഷീല, കെ.പി ലക്ഷ്മണന്‍, ഹരിദാസ് കൊളത്തൂര്‍, ഡോക്ടര്‍ കെ.ജി.വിശ്വനാഥന്‍, ജലീല്‍ ടി. കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

നാടന്‍ പാട്ടുകാരനായ ഗിരീഷ് ആമ്പ്രയുടെ തുടികൊട്ടോടെയാണ് ശില്പശാല ആരംഭിച്ചത്.മാവൂര്‍ വിജയന്റെ ഏകപാത്ര നാടകം, ഡേവിസ് വളര്‍ക്കാവിന്റെ മാജിക്, നാടന്‍ പാട്ടുകള്‍ എന്നിവ ശില്‍പശാലയുടെ ഭാഗമായി നടന്നു. പാലസ്തീന്‍ ജനതയുടെ മേല്‍ ഇസ്രയേല്‍ നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങളെ ദേശീയ മാനവിക സൗഹൃദ വേദി അപലപിച്ചു.

ജനിച്ച മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ആ ജനതയുടെ അവകാശത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ഇടപെടണമെന്നും എല്ലാ സാര്‍വ്വദേശിയ യുദ്ധനിയമങ്ങളെയും ലംഘിച്ചുകൊണ്ട് ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യഹത്യ അവസാനിപ്പിക്കണമെന്നും ശില്‍പശാല അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുമതിലും സംഘടിപ്പിച്ചു.

നവമ്പര്‍ 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനും എല്ലാ വീടുകളിലും ഭരണഘടന വായിക്കാനും യുവാക്കളേയും വനിതകളേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ച് ഭരണഘടനാ സദസ്സുകള്‍ നടത്താനും ശില്പശാല തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *