പാരീസ്: എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ തിളക്കത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും നേട്ടത്തിനുള്ള സമ്മാനമാണിതെന്ന് ഇന്റര്‍ മിയാമിയുടെ സഹ ഉടമയായ ഡാവിഡ് ബെഖാംമില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കവേ മെസി പറഞ്ഞു. ഫുട്ബോള്‍ ഇതിഹാസമായ മറഡോണക്കാണ് മെസി ബാലണ്‍ ഡി ഓര്‍ സമര്‍പ്പിച്ചത്. മറഡോണയുടെ 63ാം പിറന്നാള്‍ ദിവസമാണ് മെസി അവാര്‍ഡ് സ്വീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. 2009ലാണ് ആദ്യമായി മെസി തന്റെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്നത്. തുടര്‍ന്ന് 2010, 2011, 2012, 2015, 2021 എന്നീ വര്‍ഷങ്ങളിലാണ് മെസി ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയത്.
സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസും സ്വന്തമാക്കി.
ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ താരവും മെസി തന്നെ. അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്. മെസിക്ക് കടുത്ത വെല്ലുവിളിയാവുന്നത് കരുതിയിരുന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രെബിള്‍ കിരീടത്തിലേക്ക് നയിച്ച നോര്‍വെ താരം ഹാളണ്ടാണ്. ചാംപ്യന്‍സ് ലീഗിലേയും പ്രീമിയര്‍ ലീഗിലേയും ടോപ് സ്‌കോററും ഹാളണ്ടായിരുന്നു. ഫൈനലിലെ ഹാട്രിക് ഉള്‍പ്പടെ എട്ടു ഗോളുമായി ലോകകപ്പിലെ ഗോള്‍വേട്ടക്കാരനായതാണ് കിലിയന്‍ എംബാപ്പയെ പുരസ്‌കാര സാധ്യത പട്ടികയില്‍ മുന്നിലെത്തിച്ചിരുന്നത്.