താമസിയാതെ വാഹനങ്ങള്‍ ഹൈഡ്രജന്‍ ഫ്യുവലിലേക്ക്

താമസിയാതെ വാഹനങ്ങള്‍ ഹൈഡ്രജന്‍ ഫ്യുവലിലേക്ക്

വാഹനങ്ങളില്‍ ഇന്ധനമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി കേരളം മാറും.ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇതിനു നേതൃത്വം നല്‍കും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്. മൊത്തം ചുമതല അനര്‍ട്ടിനാണ്.

കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ‘ഹൈഡ്രജന്‍ വാലി’ പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയായി. പദ്ധതി നടപ്പാക്കുകവഴി സംസ്ഥാനത്ത് ഹൈഡ്രജന്‍ അധിഷ്ഠിത പരിസ്ഥിതിവ്യവസ്ഥ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സടക്കമുള്ള സ്ഥാപനങ്ങള്‍ ഹൈഡ്രജന്‍ നിര്‍മിക്കുന്നുണ്ട്. ഉപോത്പന്നമെന്ന നിലയിലാണ് നിര്‍മാണം. ഇവിടെ ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹൈഡ്രജന്‍ ഉപയോഗിക്കുന്നു. ഇവിടെനിന്നുള്ള ഹൈഡ്രജന്‍ ശുദ്ധീകരിച്ച് മൂല്യവര്‍ധിത ഉത്പന്നമാക്കി വാഹനങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിരേഖയാണ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തയ്യാറാക്കിയത്.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഹൈഡ്രജന്‍ ഫില്ലിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളും നട്കകുന്നുണ്ട്. സ്റ്റേഷന്‍ വരുന്നതോടെ ഹൈഡ്രജന്‍ നിറച്ച് ഓടിക്കുന്ന വാഹനങ്ങളും വ്യാപകമാകും. ഒരുകിലോ ഹൈഡ്രജന് 430 രൂപയാണ് നിലവിലെ വില. ഉത്പാദനം കൂടുന്നതനുസരിച്ച് വിലയില്‍ കുറവുണ്ടാകും. തുടര്‍ന്നുള്ള ഘട്ടത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടിക്കാനാണ് ആലോചന. ഇത്തരം ബോട്ടുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ വികസിപ്പിക്കുന്നുണ്ട്. അതിന്റെ ഫില്ലിങ് സ്റ്റേഷനും വൈറ്റിലയിലേതാകും.

വലിയ നിക്ഷേപസാധ്യതയുള്ള വ്യവസായമായി ഹൈഡ്രജന്‍ ഉത്പാദനം മാറ്റിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹൈഡ്രജന്‍ ഉത്പാദനത്തിന് കേരളത്തിലെ ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *