25 വര്‍ഷത്തേക്ക് പ്രതിമാസം 5.5 ലക്ഷം ലഭിക്കും
യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രൊജക്ട് മാനേജര്‍ മഹേഷ്കുമാര്‍ നടരാജന് അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷം രൂപയിലധികം ലഭിക്കുന്ന, ജീവിതം മാറ്റിമറിക്കുന്ന ജാക്ക്പോട്ടാണ് വെള്ളിയാഴ്ച ലഭിച്ചത്. FAST5 ഗ്രാന്‍ഡ് പ്രൈസ് ഓഫ് എമിറേറ്റ്സ് ഡ്രോയുടെ യുഎഇയുടെ പുറത്തുള്ള ആദ്യത്തെ ആഗോള ഗ്രാന്‍ഡ് പ്രൈസ് ആണ് നടരാജനെ തേടിയെത്തിയത്. തന്റെ ജീവത കാലത്തും, പഠന കാലത്തും ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നെന്നും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സമൂഹത്തില്‍ നിന്ന് ധാരാളം ആളുകള്‍ സഹായിച്ചിട്ടുണ്ടെന്നും നടരാജന് പറഞ്ഞു.തന്റെ നേട്ടത്തില്‍ നിന്ന് സമൂഹത്തിന് തിരിച്ചു കൊടുക്കേണ്ടതുണ്ട്. ദരിദ്രരായവര്‍ക്ക് സഹായമെത്തിക്കുക,പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ശോഭനമായ ഭാവിക്കും ഇത് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാക്ക് പോട്ട് കേവലം ഗെയിം മാത്രമല്ലെന്നും ആഗോള തലത്തില്‍ കഴിയുന്നത്ര ജീവിതങ്ങളെ സ്പര്‍ശിക്കാനും, പരിവര്‍ത്തനം ചെയ്യിക്കാനും കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ഡ്രോയുടെ മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് ബേഹ്റൂസിയന് അലവാദി പറഞ്ഞു. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരനായിരുന്ന ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ നിന്നുള്ള മുഹമ്മദ് ആദില്ഖാന് ഫാസ്റ്റ് ഫൈവ് നറുക്കെടുപ്പിലൂടെ ആദ്യ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.