ഫെസ്റ്റിവല്‍ സെയിലില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് ഐഫോണുകള്‍; റെക്കോര്‍ഡ് വില്‍പനയെന്ന് റിപ്പോര്‍ട്ട്

ഫെസ്റ്റിവല്‍ സെയിലില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് ഐഫോണുകള്‍; റെക്കോര്‍ഡ് വില്‍പനയെന്ന് റിപ്പോര്‍ട്ട്

അടുത്തിടെ നടന്ന ഉത്സവകാല വില്‍പ്പനയില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് ഐഫോണുകള്‍. ഫെസ്റ്റിവല്‍ സെയിലിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഐഫോണ്‍ വില്‍പ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിലധികം വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

പതിവുപോലെ ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പനയാണ് ബിഗ് ബില്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുകളിലൂടെ സ്വന്തമാക്കിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് കണക്കുകള്‍ അനുസരിച്ച്, സാംസങ്, ആപ്പിള്‍, ഷവോമി ഉപകരണങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് കാരണം ഉത്സവ സീസണിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ ആഴ്ചയില്‍ (ഒക്ടോബര്‍ 8-15) മൂല്യത്തില്‍ 25 ശതമാനം വര്‍ധിച്ചു.

ആദ്യ 48 മണിക്കൂറിനുള്ളില്‍ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും വിറ്റഴിച്ച ഫോണുകളില്‍ 80
ശതമാനവും 5G ശേഷിയുള്ളവയായിരുന്നു. പ്രീമിയം ശ്രേണിയിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വലിയ വളര്‍ച്ചയാണ് ഫ്‌ലിപ്കാര്‍ട്ട് നേടിയത്. ഐഫോണ്‍ 14, ഗാലക്സി എസ് 21 എഫ്ഇ എന്നീ മോഡലുകളാണ് പ്രീമിയ കാറ്റഗറിയില്‍ ഫ്‌ലിപ്കാര്‍ട്ട് കൂടുതല്‍ വിറ്റഴിച്ചത്. അതേസമയം ആമസോണില്‍, പ്രീമിയം സെഗ്മെന്റ് വളര്‍ച്ച ഏകദേശം 200 ശതമാനമാണ്. ഐഫോണ്‍ 13, ഗാലക്സി എസ് 23 എഫ്ഇ എന്നീ മോഡലുകളാണ് കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍.

ഈ വര്‍ഷം ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12 എന്നീ മോഡലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്റാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 13-ന് മാത്രമായിരുന്നു കൂടുതല്‍ ഡിമാന്റുണ്ടായിരുന്നത്. സാംസങ് ഗാലക്സി എസ് 21 എഫ്ഇക്കും ഏറെ ആവശ്യക്കാരുണ്ടായി. ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം മോഡല്‍ വിറ്റുതീര്‍ന്നിരുന്നു.

10,000-15,000 രൂപ വിലയുള്ള 5ജി ഫോണുകള്‍ ഇപ്രാവശ്യം വമ്പന്‍ വില്‍പനയാണ് നേടിയത്.
ഫെസ്റ്റിവല്‍ സീസണ്‍ മുന്നില്‍ കണ്ട് കമ്പനികള്‍ ഈ വിലയില്‍ ഫോണുകള്‍ അവതരിപ്പിച്ചതോടെ ആളുകള്‍ കൂട്ടമായെത്തി വാങ്ങുകയായിരുന്നു. റിയല്‍മി നാര്‍സോ 60എക്‌സ്, ഗാലക്‌സി എം14 5ജി, എം34 5ജി എന്നിവ ആമസോണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടവയാണ്, അതേസമയം വിവോ T2x ഫ്‌ലിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *