എല്ലാവരുടേയും കൂട്ടത്തില്‍ മടിയുള്ള ഒരാളെങ്കിലും ഉണ്ടാവും. അത്തരത്തില്‍ മടിയുള്ളവര്‍ക്കായി ഒരു മത്സരം നടക്കുന്നുണ്ട് യുറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയില്‍. ഫെസ്റ്റിവല്‍ ഓഫ് ലേസിനെസ്സിന്റെ ഭാഗമായിട്ടാണ് മത്സരം. ഏറ്റവും മടിയനായ ആളെ കണ്ടുപിടിക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ദിവസങ്ങളോളം കട്ടിലില്‍ ചെലവഴിക്കണം. കിടക്കയില്‍ എഴുന്നേറ്റിരിക്കാനോ നില്‍ക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ ഉടനടി മത്സരത്തില്‍ നിന്ന് പുറത്താകും. വിജയിക്ക് ആയിരം യൂറോ (ഏതാണ്ട് 90,000 രൂപ)യുടെ ക്യാഷ് പ്രൈസാണ് സമ്മാനമായി ലഭിക്കുക. മൂന്ന് നേരം ഭക്ഷണവും സംഘാടകര്‍ നല്‍കും. മോണ്ടിനെഗ്രോയിലെ ബ്രെന്‍സ എന്ന ഗ്രാമത്തിലാണ് മടിയുടെ ഉത്സവം അരങ്ങേറുക.
മത്സരാര്‍ഥികള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള കിടക്കയില്‍ കിടക്കണം എന്നുള്ളതാണ് മത്സരത്തിന്റെ പ്രധാന നിബന്ധന. ചുരുക്കം കാര്യങ്ങള്‍ മാത്രമേ ഇവര്‍ക്ക് ചെയ്യാനുള്ള അനുമതിയുള്ളു.
എന്നാല്‍ ഇവര്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ പുസ്തകങ്ങള്‍ വായിക്കുകയും മൊബൈല്‍ ഉപയോഗിക്കുകയുമെല്ലാം ചെയ്യാം. എല്ലാ എട്ടുമണിക്കൂറിനിടയിലും അരമണിക്കൂര്‍ ഇടവേളയും അനുവദിക്കും. ഇവരുടെ ആരോഗ്യ കാര്യങ്ങള്‍ വിലയിരുത്താനായി ഒരു മെഡിക്കല്‍ സംഘവും ഇവിടെയുണ്ടാവും. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ നിലത്തിറങ്ങാനോ ശ്രമിച്ചാല്‍ മത്സരത്തില്‍ നിന്ന് പുറത്താകും. അവസാനം വരെ പിടിച്ചുനില്‍ക്കുന്നയാളാണ് വിജയിയാവുക.