ലോകത്തെ  ഏറ്റവും മികച്ച 100 വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി സര്‍ഗാലയ

ലോകത്തെ ഏറ്റവും മികച്ച 100 വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി സര്‍ഗാലയ

ലോകത്തെ ഏറ്റവും മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കോഴിക്കോട് ഇരിങ്ങളിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്ട്‌സ് വില്ലേജ്. യൂറോപ്പിലെ-എസ്റ്റോണിയയിലെ- ടാളിനില്‍ വെച്ച് നടന്ന ‘ഗ്രീന്‍ ഡെസ്റ്റിനേഷന്‍ കോണ്‍ഫെറന്‍സിലായിരുന്നു പ്രഖ്യാപനം. ഇതോടെ ലോകത്തെ ഏറ്റവും മികച്ച ടൂറിസം ഫെയറായ ഐ.ടി.ബി ബെര്‍ലിന്റെ 2024 അവാര്‍ഡിന് മത്സരിക്കാനും സര്‍ഗാലയ യോഗ്യത നേടി. ”അഭിവ്യദ്ധിപ്പെടുന്ന സമൂഹങ്ങള്‍” എന്ന വിഭാഗത്തിലാണ് പ്രവേശനം. ഐടിബി ബെര്‍ലിന്‍ ട്രാവല്‍ മാര്‍ട്ട്, ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ്, ഫ്യൂച്ചര്‍ ടൂറിസം കൊയലിഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സര്‍ഗാലയയുടെ അംഗീകാരം പ്രഖ്യാപിച്ചത്. കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിസാന്‍മാര്‍ക്ക് വേണ്ടി തദ്ദേശീയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പു:നസ്ഥാപിക്കല്‍, സാമൂഹിക ശാക്തീകരണം, തദ്ദേശീയ ഉപജീവന സമൂഹങ്ങളുടെ എകോപിത വികസനം എന്നിവയിലൂടെ കോവിഡ് മഹാമാരിയുടെ വിനാശ നാളുകളെ പരിവര്‍ത്തിപ്പിച്ചതിനാണ് അവാര്‍ഡ്. സര്‍ഗാലയ മാനേജ്മെന്റ് പദ്ധതി പ്രദേശത്തു തദ്ദേശീയര്‍ക്കായി നടപ്പിലാക്കിയ പ്രൊഫഷണല്‍ പരിശീലനങ്ങള്‍, സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി കലാകരകൗശല പരിശീലനങ്ങള്‍ നല്‍കിയതും സാക്ഷ്യപത്രത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ ടൂറിസം പദ്ധതിയെന്ന നിലയില്‍ ഭാരത സര്‍ക്കാര്‍ വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പുരസ്‌കാരവും കൂടാതെ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷന്‍ അവാര്‍ഡും സര്‍ഗാലയക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പിന്റെ സംരംഭമായ സര്‍ഗാലയയുടെ മാനേജ്മന്റ് നിര്‍വ്വഹിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശതാബ്ദി ആഘോഷ വേളയില്‍ മറ്റൊരു പൊന്‍തൂവലാവുകയാണ് ഈ നേട്ടം.
ഗിരീഷ് കുമാര്‍.ഡി, റീജിയണല്‍ ജോയന്റ് ഡയറക്ടര്‍, കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, കോഴിക്കോട്, കെ.ടി.ശേഖരന്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഐ.പി.ആര്‍.ഡി, കോഴിക്കോട്, ഡോ.നിഖില്‍ദാസ്.ടി., സെക്രട്ടറി, ഡി.ടി.പി.സി, കോഴിക്കോട്, പി.പി.ഭാസ്‌ക്കരന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സര്‍ഗാലയ, ടി.കെ.രാജേഷ്, ജനറല്‍ മാനേജര്‍, സര്‍ഗാലയ, എം.ടി.സുരേഷ് ബാബു, ഹോസ്പിറ്റാലിറ്റി മാനേജര്‍, സര്‍ഗാലയ, ശിവദാസന്‍.കെ.കെ, ക്രാഫ്ട്‌സ് ഡിസൈനര്‍, സര്‍ഗാലയ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *