വിപ്ലവ നായകന്‍ വി എസിന് ഇന്ന് ശതാബ്ദി

വിപ്ലവ നായകന്‍ വി എസിന് ഇന്ന് ശതാബ്ദി

കോഴിക്കോട്: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് വി എസ്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയാണ് 100-ാം ജന്മദിനവും കടന്നുപോകുക.

കേരളത്തിന്റെ പ്രതിഷേധ സ്വരങ്ങള്‍ക്ക് മുഴക്കം നല്‍കിയ പ്രതിപക്ഷനേതാവായിരുന്നു വി.എസ്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയും ആയിരുന്നു.ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വംനേടുകയും 1965ല്‍ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുകയും ചെയ്തു.ആദ്യ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച വി എസ് പരാജയപ്പെട്ടു. പിന്നീട് ഒന്‍പത് തവണ നിയമസഭയിലേക്ക് മത്സരിച്ച വി എസ് ഏഴ് പ്രാവശ്യവും വിജയിച്ചു. പരാജയം സംഭവിച്ചത് 1977ലും (അമ്പലപ്പുഴ) 1996ലും (മരാരിക്കുളം).

2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്വല ജയം നേടിയപ്പോള്‍ വി എസ് മുഖ്യമന്ത്രിയായിരുന്നു. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും നാല് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. വി എസിന്റെ ഭരണമികവുകൊണ്ടാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനാകാതെ പോയതെന്നായിരുന്നു വിലയിരുത്തല്‍

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വി എസ് ആയിരുന്നു ഇടതിന്റെ മുഖമായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്‌കാര ചെയര്‍മാന്റെ ചുമതലയായിരുന്നു വി എസിന്. പിന്നീടാണ് വി എസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതും പൂര്‍ണവിശ്രമത്തിലേക്ക് കടക്കുന്നതും. 99-ാം വയസില്‍ കോവിഡിനേയും മറികടന്നാണ് വി എസ് നൂറിന്റെ കരുത്തിലേക്ക് എത്തുന്നത്.നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം ജനമനസ്സുകളില്‍ പോരാട്ടവീര്യവും പ്രതീക്ഷയും നിറച്ചിരുന്നു..
പൊതുവേദികളില്‍ സജീവമല്ലെങ്കിലും വിശ്രമജീവിതത്തിലും കേരളം വി.എസിനെ അറിയുന്നു ആദരവോടെടെ പിറന്നാളാശംസകള്‍ നേരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *