കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘സ്വതന്ത്ര ഫലസ്തീനാണ് നീതി’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയോണിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത ഇസ്രയേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതില്‍ അത്ഭുതമില്ല. പക്ഷെ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്. മുസ്‌ലിം വംശഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇസ്രയേലും ഇന്ത്യയുമെന്നാണ് ജെനോസൈഡ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ ജീവന്‍ നിഷ്ഠൂരമായി കവര്‍ന്നെടുത്ത് രാജ്യം വികസിപ്പിക്കുന്ന വംശീയ ചേരിയോട് ചേര്‍ന്ന് നില്‍ക്കുന്ന മോദിയുടെ ഇന്ത്യക്കൊപ്പമല്ല, പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഒപ്പം അണിനിരന്ന ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യക്കൊപ്പമാണ് ജനങ്ങള്‍ അണിനിരക്കേണ്ടത്. ഹമാസിനെയും ഇസ്രയേലിനെയും സമീകരിക്കുന്ന നിലപാടുകള്‍ ആപത്കരവും അനീതിയുമാണ്. നീതിക്ക് വേണ്ടി പോരാടുന്നവരോട് ഐക്യപ്പെടാന്‍ അയിത്തം പാലിക്കുന്നതിന് പിറകിലുള്ള ഭയപ്പാട് എന്തെന്ന് കേരളീയ സമൂഹം വ്യക്തമാക്കണം. ഹമാസിന്റെ പോരാട്ടത്തെ മറയാക്കി നടത്തുന്ന ഭീകരവാദ പ്രചാരണങ്ങള്‍ വംശീയതയെ താലോലിക്കാനേ ഉപകരിക്കൂ. കുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുന്ന ഇസ്രയേലിന്റെ അധിനിവേശ – വംശീയ ഭീകരതക്കെതിരെ ലോകത്തെ വിവിധ തെരുവുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അഭിവാദ്യം ചെയ്യുന്നു. സ്വതന്ത്ര ഫലസ്തീന്‍ പുലരും വരെ പോരാട്ടങ്ങള്‍ക്ക് അവസാനമില്ലെന്നും ആ പോരാട്ടത്തിനൊപ്പമായിരിക്കും ഇന്ത്യന്‍ ജനതയെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പോരാട്ടത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉപാധികളൊന്നുമില്ലാത്ത ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു .ഡോ. പി.കെ.പോക്കര്‍ , എ.വാസു, അംബിക മറുവാക്ക്, ഡോ.ആര്‍ യുസുഫ്, ജ്യോതിവാസ് പറവൂര്‍, ടി.കെ.മാധവന്‍, ചന്ദ്രിക കൊയിലാണ്ടി, അസ്ലം ചെറുവാടി, നഈം ഗഫൂര്‍, ശംസീര്‍ ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അന്‍സാര്‍ അബൂബക്കര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.സി.അന്‍വര്‍ നന്ദിയും പറഞ്ഞു.
മുസ്തഫ പാലാഴി, പി സി.മുഹമ്മദ് കുട്ടി, എ.പി.വേലായുധന്‍, അന്‍വര്‍ സാദത്ത് ഇ.പി അഷ്‌റഫലി കട്ടുപ്പാറ, നൗഷാദ് ചുള്ളിയന്‍, സാലിഹ് കൊടപ്പന, ബി.വി.അബ്ദുല്‍ ലത്തീഫ്, എം.എ.ഖയ്യും, കെ.സലാഹുദ്ദീന്‍, മുബീന വാവാട്, എന്‍.കെ.ജൂമൈല, സുബൈദ കക്കോടി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.