ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളുമായി റവന്യു ദൗത്യ സംഘം. ആനയിറങ്കല്‍- ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റം നടന്ന അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നു.ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്.സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.
നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന പരാതിയാണ് ഉയരുന്നത്.
അതിനിടെ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി പറഞ്ഞു. ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയില്‍ കൈയേറ്റങ്ങള്‍ ഒഴിയാന്‍ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.