പി.വി ഗംഗാധരൻ അന്തരിച്ചു

പി.വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. പൊതുദർശനം കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ നടക്കും. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ.

പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതരായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.

പിവിജി എന്നറിയപ്പെടുന്ന പി.വി ഗംഗാധരൻ മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. 1977ൽ പുറത്തിറങ്ങിയ സുജാതയുടെ ആദ്യ ചിത്രം. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, ഏകലവ്യൻ, അദ്വൈതം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ചുവിൻറെ അമ്മ എന്നിവ ഇതിൽ ചിലതാണ്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിൻറെ ബാനറിൽ പിവിജി നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ചലച്ചിത്ര നിർമാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡൻറായിരുന്നു. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു.

സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂർവ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരൻ. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിർന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകൾ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.
പി.വി. സാമി പടുത്തുയർത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളർച്ചയിൽ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് പി.വി ഗംഗാധരൻ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ അമരത്ത് പ്രവർത്തിക്കാൻ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഇക്കാലത്താണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മർദ്ദ തന്ത്രങ്ങളും ചേംബർ ആവിഷ്‌കരിച്ചു നടപ്പാക്കിയത്.

മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികൾ വഹിച്ചിരുന്നു. പി.വി.എസ്. ആശുപത്രി ഡയറക്ടർ, ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പി.വി.എസ്. നഴ്‌സിങ് സ്‌കൂൾ ഡയറക്ടർ, മാതൃഭൂമി സ്റ്റഡിസർക്കിൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഡയറക്ടർ, പിവി.എസ് ഹൈസ്‌കൂൾ ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാലാ മുൻ സെനറ്റ് അംഗവുമായിരുന്നു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *