തൊഴിൽ വർദ്ധിപ്പിച്ച യന്ത്രവത്ക്കരണം ഊരാളുങ്കൽ മാതൃക: എം. മുകുന്ദൻ

തൊഴിൽ വർദ്ധിപ്പിച്ച യന്ത്രവത്ക്കരണം ഊരാളുങ്കൽ മാതൃക: എം. മുകുന്ദൻ

വടകര:ഒരുവശത്തു യന്ത്രവത്ക്കരണം തൊഴിലവസരം കുറയ്ക്കുമ്പോൾ ആധുനികവിദ്യകൾക്കൊത്തു സാങ്കേതികവൈദഗ്ദ്ധ്യം പകർന്നു നല്കി തൊഴിലും വേതനവും വർദ്ധിപ്പിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ രീതി മികച്ച മാതൃകയാണെന്ന് പ്രശസ്തസാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക-രാഷ്ട്രീയപ്രവർത്തകനും ആയിരുന്ന പാലേരി കണാരൻ മാസ്റ്ററുടെ 39-ാം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രത്യേക തൊഴിൽ സംസ്‌ക്കാരം സൃഷ്ടിച്ചെടുത്ത സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ക്ഷേമകാര്യങ്ങളും എല്ലാമുള്ള സംഘത്തിൽ ജോലിക്കാർ ആകുന്നതുതന്നെ അഭിമാനകരമാണ്. സൊസൈറ്റിയെ ഈ നിലയിലേക്കു വളർത്തുന്നതിന് അടിത്തറയിട്ട കർമ്മധീരൻ ആയിരുന്നു കണാരൻ മാസ്റ്ററെന്ന് മുകുന്ദൻ അനുസ്മരിച്ചു. വാഗ്ഭടാനന്ദ മൂല്യങ്ങൾ മുറുകെപ്പിടിച്ച് നല്ല പ്രവർത്തനരീതികൾ സൊസൈറ്റിയിൽ ആവിഷ്‌ക്കരിച്ചു ചിട്ടപ്പെടുത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളാണ് സൊസൈറ്റിയെ മികച്ച മാതൃകയാ ക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം റോഡിലെ സൊസൈറ്റിയാസ്ഥാനത്തു നടന്ന അനുസ്മരണസമ്മേളനത്തിൽ യുഎൽസിസിഎസ് വൈസ് ചെയർമാൻ വി. കെ. അനന്തൻ അദ്ധ്യക്ഷനായി. സൊസൈറ്റിയുടെ വളർച്ചയ്ക്ക് അടിത്തറ പാകുകയും പ്രതിസന്ധിയുടെ നാളുകളിൽ നീണ്ട 32 കൊല്ലം അനിഷേദ്ധ്യനായി അതിനെ നയിക്കുകയും ചെയ്ത കണാരൻ മാസ്റ്റർ ഗുരു വാഗ്ഭടാനന്ദന്റെയും ആത്മവിദ്യാസംഘത്തിന്റെയും ഉന്നതമായ നവോത്ഥാനമൂല്യങ്ങളും പുരോഗമനാശയങ്ങളും അതിനായി സമന്വയിപ്പിച്ചെന്ന് അനുസ്മരണപ്രമേയം അവതരിപ്പിച്ച സൊസൈറ്റി ഡയറക്റ്റർ പി. പ്രകാശൻ പറഞ്ഞു.

തുടർന്ന്, ജോലിസ്ഥലത്തെ മാനസികപ്പിരിമുറുക്കം ലഘൂകരിക്കുന്നതു സംബന്ധിച്ച് ഡോ. സന്ദീഷ് പി. ടി. ക്ലാസ് എടുത്തു. ഡയറക്റ്റർമാരായ എം. എ. സുരേന്ദ്രൻ, സി. വത്സൻ, എം. പദ്മനാഭൻ, പി. കെ. സുരേഷ്ബാബു, കെ. ടി. കെ. അജി, കെ. ടി. രാജൻ, ടി. ടി. ഷിജിൻ, മാനേജിങ്ങ് ഡയറക്റ്റർ എസ്. ഷാജു, സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സിഇഒ പി. പി. ഭാസ്‌കരൻ, ലീഡർമാരായ പുതിയാടത്തിൽ ചന്ദ്രൻ, മനേഷ് ആർ, ജിഎം ഷാബു കെ. പി. തുടങ്ങിയവർ കണാരൻ മാസ്റ്ററെ അനുസ്മരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *