റേഷൻ വ്യാപാരികൾ 11ന് കടകളടച്ച് പ്രതിഷേധിക്കും

റേഷൻ വ്യാപാരികൾ 11ന് കടകളടച്ച് പ്രതിഷേധിക്കും

കോഴിക്കോട്:റേഷൻ വ്യാപാരികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് 11ന്(തിങ്കൾ) സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ കടകളടച്ചിടുമെന്ന് കേരള സ്‌റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം.സൈനുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശ്ശിക നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിൽ വരുത്തുക, ആറ് വർഷം മുമ്പ് നടപ്പാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ രീതിയിൽ പരിഷ്‌ക്കരിക്കുക, വൈദ്യുതി ചാർജ്ജും കടവാടകയും സർക്കാർ നൽകുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക, ഇ പോസ് യന്ത്രത്തിൽ നിരന്തരം വരുന്ന തകരാറുകൾ പരിഹരിക്കുക, ലൈസൻസിയുടെ വേതനത്തിൽ കാലോചിതമായ വർദ്ധനവ് വരുത്തുകയും സെയിൽസ്മാനെ വേതന പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കടയടപ്പ് സമരം.
പലതവണ നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ റേഷൻ വ്യാപാരികളോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ചുവരുന്നതിൽ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വി.വി.രാജൻ നായർ, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം.സൈനുദ്ദീൻ, സി.ജെ.മത്തായി, ഇ.പി.ബാലകൃഷ്ണൻ, എസ്.ജി.ജിതേഷ്, കെ.അസീസ് പന്തീരാങ്കാവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *