ഡോ.എഴുമറ്റൂർ രാജരാജവർമ്മ സാഹിത്യത്തിലെ സവ്യസാചി

ഡോ.എഴുമറ്റൂർ രാജരാജവർമ്മ സാഹിത്യത്തിലെ സവ്യസാചി

? സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടികൾ നടത്തിയിട്ടുള്ള ഡോ.എഴുമറ്റൂർ രാജരാജവർമ്മ ഇന്ന് ദേശീയ ശ്രദ്ധ നേടിയ എഴുത്തുകാരനാണ്. സാഹിത്യത്തിന്റെ ഏതുമേഖലയിൽ അറിയപ്പെടാനാണ് അങ്ങേയ്ക്ക് കൂടുതലിഷ്ടം
ഞാൻ മലയാള ഭാഷ പ്രണയിയാണ്. ഒരെഴുത്തുകാരന്റെ കടമ സ്വന്തം ഭാഷയെ ഏതെല്ലാം വിധത്തിൽ വളർത്താമോ ആ വിധത്തിലെല്ലാം വളർത്തുക എന്നതാണ്. ഭാഷയുടെ ഏതെങ്കിലും ഒരു ശാഖ അല്ല കഴിയുന്നത്ര ശാഖകളിൽ സംഭാവന നൽകുക എന്നതാണ് ലക്ഷ്യം.

? ഗുരുത്വം അങ്ങയുടെ മുഖമുദ്രയാണ്. അക്ഷരവിദ്യ തന്ന ഓലിക്ക മുറിയിൽ രാമൻപിള്ള ആശാനും, സാഹിത്യം പകർന്നു നൽകിയ പ്രൊഫ. എൻ.കൃഷ്ണപിള്ളയും താങ്കളുടെ സാഹിത്യ വഴികളിൽ ചെലുത്തിയിട്ടുള്ള സ്വാധീനം എന്തൊക്കെയാണ്
ഗുരുത്വം എന്ന മൂന്നക്ഷരം എനിക്കെന്നല്ല ആർക്കും സമ്പാദിയുടെ ചിറകുപോലെ ജീവിതത്തിലുടനീളം സംരക്ഷണം നൽകുന്ന കവചമാണ്. ഇത് ഞാൻ നന്നേ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞു. മാതാപിതാ ഗുരു ദൈവം, ഗുരു ബ്രഹ്മോ ഗുരു വിഷ്ണു ഗുരൂർ ദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ് മൈശ്രീ ഗുരുവേ നമ: തുടങ്ങിയ പാഠങ്ങൾ ഓർമ്മവെച്ച നാൾ മുതൽ മനസ്സിൽ സൂക്ഷിക്കുന്നതാണ്. ആർഷ സംസ്‌കൃതി തന്നെ ഗുരുശിഷ്യ പാരമ്പര്യത്തിന്റെ സംഭാവനയാണ്. അക്ഷരവും കണക്കും പഠിപ്പിച്ച ഓലിക്ക മുറിയിൽ രാമൻപിള്ള ആശാൻ മുതൽ സാഹിത്യത്തിന്റെ മേച്ചിൽ പുറങ്ങളിലേക്കുള്ള വഴികാണിച്ചുതന്ന എൻ.കൃഷ്ണപിള്ള വരെയുള്ള ഗുരുക്കന്മാരെല്ലാം എന്റെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളേയും ഭാഷാ സേവനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ അജ്ഞാതരായ ഋഷിവര്യന്മാർ നൽകിയിട്ടുള്ള പാഠങ്ങളും ഗുരുസ്മരണയോടെ നിത്യേന ഉരുവിടുന്നു.

? യാത്രാ വിവരണത്തിലാണ് ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നത്. യാത്രാ വിവരണത്തിന് അച്യുതമേനോൻ ഫൗണ്ടേഷന്റെ കെ.വി.സുരേന്ദ്രനാഥ് അവാർഡും ലഭിക്കുകയുണ്ടായിട്ടുണ്ട്. പലവിധ യാത്രാ വിവരണങ്ങളും ട്രാവലോഗ് ആയി മാറുമ്പോൾ താങ്കളുടെ യാത്രാ വിവരണങ്ങൾ സാഹിത്യ വിജ്ഞാന സമഗ്രവും സാഹിത്യ മേന്മയും ഉള്ളതാണ്. എഴുതിയിട്ടുള്ള യാത്രാ വിവരണ കൃതികളെക്കുറിച്ച് ഒരു ചെറു വിവരണം തരാമോ
ഞാൻ നാല് യാത്രാ വിവരണങ്ങൾ എഴുതിയിട്ടുണ്ട്.
അയർലണ്ടിലെ രാജ നന്ദിനിക്ക്, രഘുനന്ദ താരവിളിക്കുന്നു,ഡബ്ലിൻ ഡയറി, റോമിലെ വേദശ്രീക്ക് എന്നിവയാണ് അവ. നാടും നഗരവും വെറുതെ കണ്ടു പോകുന്നതിലല്ല, ആ നാടുകളുടെ ഗതകാല സ്മൃതികൾ ഉണർത്തിയെടുക്കുന്നതിലാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ മൂന്നിലൊന്ന് സംഭാവനകൾ നൽകിയ ഡബ്ല്യൂ.ബി.യേറ്റ്‌സ്, ബർണാഡ്ഷാ, ഷീമസ് ഹിനി, ഓസ്‌കാർ വൈൽഡ്, ജെയിംസ് ജോയിസ്, ജോനാഹൻ സ്വിഫ്റ്റ് തുടങ്ങി 160ലേറെ മഹാരഥന്മാർ ജീവിച്ച ഡബ്ലിൻ നഗരത്തിലെ അവരുടെ വീടുകൾ, സ്മരാകങ്ങൾ മ്യൂസിയങ്ങൾ മുഴുവൻ പല തവണ കണ്ടശേഷമാണ് അയർലണ്ടിലെ രാജനന്ദിനി എഴുതിയത്. പ്രാചീന അയർലണ്ടിന്റെ രാജധാനിയായി 2500 വർഷം വിരാചിച്ച താരയിലെ പ്രമുഖ രാജ പ്രമുഖന്മാരുമായി ബന്ധപ്പെട്ട ഐതിഹ്യവും ചരിത്രവും ഇഴചേർന്ന യാത്രാ വിവരണമാണ് രഘുനന്ദ താര വിളിക്കുന്നു. അതുപോലെ ഇറ്റലി മുഴുവൻ സഞ്ചരിച്ചതിന്റെ അനുഭവങ്ങളും റോമിന്റെ ചരിത്രവും നേരിട്ടുള്ള അനുഭവങ്ങളും എല്ലാം ചേർന്ന രചനയാണ് റോമിലെ വേദശ്രീ. ഒന്നിനൊന്നു വിത്യസ്തമാക്കാൻ ശ്രിമിച്ചിട്ടുമുണ്ട്.

? അഞ്ചിലേറെ ജീവ ചരിത്രങ്ങൾ എഴുതിയ അങ്ങ് ഏറ്റവും ഇഷ്ടപ്പെടുന്ന ജീവചരിത്രം ആരുടേതാണ് അതിന്റെ രചനയിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെകുറിച്ച് പറയാമോ

ഗുരുനാഥനായ എൻ.കൃഷ്ണപ്പിള്ളയുടെ ജീവ ചരിത്രമാണ് ആദ്യം ഞാൻ എഴുതിയത്. 12 വർഷം അദ്ദേഹത്തിന്റെ സന്തത സഹചാരിയായി ജീവിച്ചതിന്റെ അനുഭവത്തിൽ നിന്നാണ് അതിന്റെ പിറവി. ഗുരുനാഥനെ ഒരു ഗ്രന്ഥത്തിന്റെ വിഷയമാക്കി മാറ്റുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വസ്തുതകളുടെ ആധിക്യവും വിഷമിപ്പിച്ചു. മാനസികമായി ഗുരുനാഥനോടൊപ്പം സമ്പൂർണ്ണമായ സമർപ്പണത്തോടെ ജീവിച്ചതുവഴി കുറച്ചുകൂടി മെച്ചപ്പെടാൻ എനിക്ക് കഴിഞ്ഞു. ഓരോ പുസ്തകത്തിന്റെ രചനയും ഓരോ പരീക്ഷണമാണ്, ഓരോ വെല്ലുവിളിയാണ്. കഠിനാധ്വാനം ആവശ്യപ്പെടുന്നതാണ്. വിവരശേഖരണം എന്നതിനേക്കാൾ കഠിനമാണ് താജ്യഗ്രാഹ്യ വിവേചനത്തോടെ അവയെ അപഗ്രഥിക്കുക. വിഭാവനം ചെയ്ത രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നത്. ഗുരുനാഥനെക്കുറിച്ച് 4 ജീവ ചരിത്രങ്ങൾ എഴുതാനും സാധിച്ചു.

? ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോർഡ്‌സിൽ 11 ദേശീയ റിക്കോർഡുകൾ അങ്ങ് നേടിയിട്ടുണ്ടല്ലോ. നൂറിൽപ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അങ്ങേക്ക് കേരള സാഹിത്യ അക്കാദമിയോ കേന്ദ്ര സാഹിത്യ അക്കാദമിയോ വേണ്ടത്ര അംഗീകാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ടോ? അതേക്കുറിച്ച് എന്താണഭിപ്രായം?

അവാർഡ് ലക്ഷ്യമിട്ട് ഒരു പുസ്തകവും ഞാൻ എഴുതിയിട്ടില്ല. 13 അവാർഡുകൾ കിട്ടിയിട്ടുണ്ട്. അറിഞ്ഞു തരുന്ന അവർഡുകൾക്കേ വിലയുള്ളൂ എന്നാണെന്റെ വിശ്വാസം. അവാർഡ് ദാനത്തിൽ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവുക സ്വാഭാവികം. അതുകൊണ്ട് ഏതെങ്കിലും അവാർഡ് കിട്ടിയെന്നോ അല്ലെങ്കിൽ കിട്ടിയില്ലെന്നോ ഉള്ള വിചാരം എന്നെ ഭരിക്കുന്നില്ല. മഹാത്മാഗാന്ധി സ്ഥാപിച്ച വാർദ്ധാ രാഷ്ട്ര ഭാഷാ പ്രചാർ സമിതിയുടെ ഭാഷാ പുരസ്‌കാരം, കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡേയും ഗാന്ധിജിയുടെ ചെറുമകൾ താരാഗാന്ധിയും ചേർന്ന് ഡൽഹി രാജ്ഘട്ടിന് സമീപമുള്ള ഹാളിൽ വെച്ചാണ് സ്വീകരിച്ചത്. ആ നിമിഷത്തിൽ തികച്ചും വൈകാരികമായിരുന്നു ഗാന്ധി ഭക്തനായ എനിക്ക് ആ ചടങ്ങ്.

? പ്രൊഫ.എൻ.കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ സെക്രട്ടറി എന്ന നിലയിൽ ദീർഘ കാലമായി സേവനമനുഷ്ടിക്കുന്ന അതിന്റെ ഉയർച്ചയിൽ അനുഭവിക്കുന്ന ആത്മാനുഭൂതിയെക്കുറിച്ച് വിശദീകരിക്കാമോ
1988 ജൂലായ് 10ന് കൃഷ്ണപ്പിള്ള സാർ അന്തരിച്ചു. ഏതാനും നാളുകൾ കഴിഞ്ഞില്ലാ സാറിന്റെ സ്മരണക്കുവേണ്ടി എന്തെങ്കിലും ശാശ്വതമായി ചെയ്യണം എന്ന തോന്നൽ സമാന ഹൃദയരായ ഞങ്ങൾക്ക് ഉണ്ടായി. പ്രൊഫസർ ആനന്ദകുട്ടൻ, എം.കെ.ജോസഫ്, ഒ.എൻ.വി കുറിപ്പ്, ചെമ്മനം ചാക്കോ തുടങ്ങിയവരുമായി ആശയം പങ്കുവെക്കുകയും അതിന് വേണ്ടി വിപുലമായ ഒരാലോചനായോഗം ചേരുകയുമുണ്ടായി. 1989 മാർച്ച് 20നായിരുന്നു അത്. അന്നുമുതൽ ഞാൻ പ്രൊഫ.കൃഷ്ണപ്പിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു, 33ാം വർഷമാണ് ഇപ്പോൾ. കൃഷ്ണപ്പിള്ള സാറിന്റെ കുടുംബാംഗങ്ങളുടേയും, ശിഷ്യൻമാരുടെയും, ആരാധകരുടെയും എല്ലാം ഹൃദയം നിറഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ടാണ് 1989 ജൂലായ് 17ന് പ്രൊഫ.കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ നിലവിൽ വന്നത്.
പ്രൊഫ.എൻ.കെ.സാനു ആയിരുന്നു ആദ്യത്തെ ചെയർമാൻ. ഫൗണ്ടേഷന്റെ ചരിത്രം രജത രേഖകളെന്ന പേരിൽ പുസ്തകമായി ഞാനെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ.എൻ.കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാല പഠനഗവേഷണ കേന്ദ്രം, എം.കെ.ജോസഫ് മിനി തിയേറ്റർ, എൻ.കൃഷ്ണപ്പിള്ള മ്യൂസിയം, കുട്ടികളുടെ ഗ്രന്ഥശാല, ഡിജിറ്റൽ ഗ്രന്ഥശാല, കൃഷ്ണ ഡിജിറ്റൽ ഓഡിയോ വീഡിയോ റിക്കാർഡിംഗ് എഡിറ്റിംഗ് സ്റ്റുഡിയോ, മലയാള ഭാഷാ പഠന കേന്ദ്രം, സാഹിതീ സഖ്യം, നന്ദനം ബാലവേദി, എൻ.കൃഷ്ണപ്പിള്ള നാടക വേദി എന്നിങ്ങനെയുള്ള വിവിധ ശാഖകളിലായി പ്രൊഫ.കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ വളർന്ന് പടർന്ന് ഗുരുശിഷ്യ പാരമ്പര്യത്തിന്റെ സ്മൃതി മണ്ഡപമായി നിലകൊള്ളുന്നത് ആഹ്ലാദജനകമാണ്. എനിക്ക് മാത്രമല്ല ഭാഷാ സ്‌നേഹികളായ സർവർക്കും.

? പ്രൊഫ.എൻ.കൃഷ്ണപ്പിള്ളയുടെ മരണാനന്തരമാണ് അദ്ദേഹത്തിന്റെ ഏറെ കൃതികൾ പ്രകാശനം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന് ഇങ്ങനെ ഒരു ശിഷ്യനെ കിട്ടിയത് മഹാഭാഗ്യമാണെന്ന് എല്ലാപേരും വാഴ്ത്തുമ്പോൾ അങ്ങയുടെ അക്കാര്യത്തിലുള്ള കാഴ്ചപ്പാടെന്താണ്

ഗുരുവിന്റെ ഭാഗ്യം എന്ന് പറയുന്നതിനേക്കാൾ ശിഷ്യന്റെ ഭാഗ്യം എന്ന് പറയുന്നതാണ് കൂടുതൽ ശരി, കൃഷ്ണപ്പിള്ള സാറിന്റെ സമകാലികരായ ചിലർ, പ്രൊഫ.ഗുപ്തൻ നായർ, ഡിസി കിഴക്കേമുറിയും മറ്റും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു ഗുരുവാകുന്നതിനേക്കാൾ ഒരു ശിഷ്യനായിരിക്കുന്നതാണ് എന്നും നല്ലതെന്ന് ഞാൻ വിചാരിക്കുന്നു. നല്ല ശിഷ്യനാവുക എന്നത് ശ്രമകരമാണ് എങ്കിലും അസാദ്ധ്യമല്ല.
കൃഷ്ണപ്പിള്ള സാറിന്റെ കൃതികൾ അദ്ദേഹത്തോടൊപ്പം നടക്കുന്ന കാലത്തുതന്നെ എത്രയോ തവണ വായിച്ചിട്ടുണ്ട്. സാറിന്റെ കീഴിലായിരുന്നു എം.എ പഠനവും സാഹിത്യ ഗവേഷണവും എല്ലാം. ഗൃഹ സദസ്സിലെ അംഗമായിരുന്നു. സാറിന്റെ ജീവിതവും സംഭാവനകളും സമഗ്രമായി അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 197 ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതിയെടുത്ത് പ്രസിദ്ധീകരിച്ചതാണ്. അനുഭവങ്ങൾ എന്ന് പറയുന്നത്. സാറിന്റെ ചരമാനന്തരം അപ്രകാശിതമോ സമാഹരിക്കപ്പെടാത്തതോ ആയ രചനകൾ കണ്ടെടുത്ത് പ്രകാശന യോഗ്യമായവയെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു. അവയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും തുടരുന്നു.

? സാറിന്റെ കുടുംബം

ഭാര്യ ഇന്ദിരാഭായി, രണ്ട് മക്കൾ. മൂത്ത മകൻ രാജകുമാർ വർമ്മ (ഭാര്യ രാജശ്രീ വർമ്മ),മകൾ രശ്മി വർമ്മ (ഭർത്താവ് രജത്ത് വർമ്മ). മകൻ ഐക്യരാഷ്ട്ര സഭയിലെ റോമിലുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്.
മകൾ എഞ്ചിനീയർ – സകുടുംബം ഡബ്ലിനിൽ താമസിക്കുന്നു. അവരുടെകുഞ്ഞുങ്ങൾ, രാജ നന്ദിനിയും, രഘുനന്ദനും. മകന്റെ കുട്ടിയുടെ പേര് വേദശ്രീ.
ചട്ടമ്പി സ്വാമികളുടെ ഷഷ്ട്യബ്ദിപൂർത്തിയാഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച എഴുമറ്റൂരിൽ ആ കുടുംബത്തിലെ ഒരംഗമായി ജനിക്കാനും തീർത്ഥ പാദപരമ്പരയുടെ മൂലസ്ഥാനമായ എഴുമറ്റൂർ പരമഭട്ടാരകാശ്രമത്തിലെ സന്യാസി വര്യൻ നാരായണ ചൈതന്യം തീർത്ഥപാദ സ്വാമികളിൽ നിന്ന് 5 വർഷം ഭാരത സംസ്‌കാര സ്രോതസ്സുകൾ പഠിക്കാനും സാധിച്ചത് വലിയ ധന്യതയായി കണക്കാക്കുന്നു. ഷഷ്ട്യബ്ദിപൂർത്തി ആഘോഷിച്ച അന്നത്തെ ഭരണാധികാരി ഗോദവർമ്മ തമ്പുരാന്റെ മകൾ രാജമ്മ തമ്പുരാട്ടിയുടെ മകളാണ് എന്റെ ഭാര്യ ഇന്ദിരാഭായി. ജന്മ നാടിനെപ്പറ്റിയും ജന്മനാടിന്റെ ചരിത്ര സ്മൃതികളെപ്പോലും പലപ്പോഴും എഴുതിയിട്ടുണ്ട്.

 

തയ്യാറാക്കിയത്

കെ.പ്രേമചന്ദ്രൻനായർ

 

Share

Leave a Reply

Your email address will not be published. Required fields are marked *