തിരുവല്ല: പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സ്നേഹയുടെ ഭർത്താവിന്റെ സുഹൃത്താണെന്നാണ് വിവരം.
വെള്ളിയാഴച മൂന്ന് മണിയോടെയാണ് സംഭവം. ഫാർമസിസ്റ്റ് കോഴ്സ് കഴിഞ്ഞ അനുഷ നേഴ്സിന്റെ വേഷത്തിലാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പിൽ വായു കുത്തിവെക്കുകയായിരുന്നു. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോൾ അപകടനില തരണംചെയ്തതായാണ് വിവരം.അനുഷയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
യുവതി കിടന്നിരുന്ന മുറിയിൽനിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
രക്തധമനികളിൽ വായു കടക്കുന്നതോടെ ഉണ്ടാകുന്ന ‘എയർ എംബോളിസം’ എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാർമസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചത്.