എപ്പോഴാണ് നടുവേദനയെ ഭയക്കേണ്ടത് ? ചികിത്സ തേടേണ്ടത് എപ്പോൾ ?

എപ്പോഴാണ് നടുവേദനയെ ഭയക്കേണ്ടത് ? ചികിത്സ തേടേണ്ടത് എപ്പോൾ ?

ഇരുന്ന് ജോലി ചെയ്യുന്ന ഏതാണ്ട് എല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ് നടുവേദന. പേശികളിലോ ലിഗമെന്റിലോ ഉണ്ടാകുന്ന പരിക്കാണ് വിട്ട് മാറാത്ത നടുവേദനയുടെ ഒരു പ്രധാന കാരണം. തെറ്റായ രീതിയിൽ ഭാരം ഉയർത്തുന്നത്, വ്യായാമത്തിന്റെ അഭാവം എന്നിവ കാരണവും ഇത് സംഭവിക്കാം. അമിതഭാരവും നടുവേദന, ഉളുക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. നടുവേദനയ്ക്കുള്ള മറ്റ് സാധാരണയായ കാരണങ്ങൾ ഡിസ്‌കിന്റെ പ്രശ്‌നങ്ങളും നട്ടെല്ലിനുള്ള തേയ്മാനവും പേശിവലിവുമൊക്കെയാണെങ്കിലും വേറെയും എണ്ണമറ്റ രോഗങ്ങളുടെ ലക്ഷണം നടുവേദനയാണ്.

വാതരോഗങ്ങൾ അത്തരം കാരണങ്ങളിൽ ഉൾപ്പെടും. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ആൻകിലോസിങ് സ്പോൺഡിലൈറ്റിസ്, സോറിയാറ്റിക് ആർത്രോപതി തുടങ്ങിയ വാതരോഗങ്ങൾ നട്ടെല്ലിനെ ബാധിക്കുന്നവയാണ്. ഈ രോഗികൾക്ക് ഫിസിയോതെറാപ്പി, വ്യായാമം, ശരീരഭാരം കുറയ്ക്കൽ, വേദന സംഹാരികൾ എന്നിവകൊണ്ട് ശമനം ലഭിക്കുന്നതാണ്. കാൻസർ രോഗികളിൽ നടുവേദന മെറ്റാസ്റ്റാസിസിന്റെ ലക്ഷണമകാം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്തനം, ശ്വാസകോശം, വൃഷണം, വൻകുടൽ എന്നിവ ശരീരഘടനാപരമായി നട്ടെല്ലിനോട് ചേർന്നുള്ളതിനാൽ ഇത്തരം ഭാഗങ്ങളിലേക്ക് പെട്ടന്ന് പടരാൻ സാധ്യതയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ശ്വാസകോശ അർബുദ രോഗികളിൽ 25 ശതമാനം പേരും നടുവേദന ഒരു ലക്ഷണമായി പറയാറുണ്ട് എന്നാണ്. ക്യാൻസർ റിസർച്ച് യുകെയുടെ അഭിപ്രായത്തിൽ, ശ്വാസകോശ അർബുദം എല്ലുകളിലേക്കും വ്യാപിച്ചാൽ നടുവേദന അനുഭവപ്പെടും. രാത്രിയിൽ വിയർപ്പ്, വിറയൽ, പനി, മലവിസർജ്ജനം/മൂത്രാശയ പ്രശ്‌നങ്ങൾ, പെട്ടെന്നുള്ള ഭാരം കുറയൽ തുടങ്ങിയ ശ്വാസകോശ കാൻസറിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം ഈ നടുവേദനയും ഉണ്ടാകാം. സാധാരണ നടുവേദനയിൽ നിന്ന് വ്യത്യസ്തമായി, ക്യാൻസർ മൂലമുണ്ടാകുന്ന വേദന സ്ഥിരമായി അനുഭവപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത.

മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ നിങ്ങൾ തീർച്ചയായും ഒരു മെഡിക്കൽ പ്രൊഫഷണലിനെ ഉടൻ കാണണം. സാധാരണ നടുവേദനക്ക് ക്യാൻസറുമായി ബന്ധമില്ല. എങ്കിലും വേദന അസാധാരണമായി തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നതാണ് നല്ലത്. ശരിയായ രോഗനിർണയവും ഉപദേശവും നേടേണ്ടത് തുടർ ചികിത്സകൾക്ക് അത്യാവശ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *