പാനൂര്‍: സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീറിന്റെ കാറില്‍ സ്വകാര്യ കാറിടിച്ചു. പാനൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തലശ്ശേരിയില്‍ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്പീക്കറുടെ വാഹനം. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വരികയായിരുന്നു. ഈ സമയം സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതും അപകടത്തിന് കാരണമായി.
സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. അതേ സമയം പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കെ പാനൂരിലുണ്ടായ അപകടം പൊലീസുകാരെയും ആശങ്കയിലാഴ്ത്തി. സുരക്ഷാവീഴ്ച ഉണ്ടായോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.